ചാത്തന്നൂര്‍: സ്വകാര്യ സ്‌കൂളിലെ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യുവാവ് പിടിയിലായി. കൊട്ടിയം മയ്യനാട് നടുവിലക്കര പുല്ലാംകുഴി അമ്പാടിവീട്ടില്‍ കാവ്യ ലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ടാണ് ഒളിവിലായിരുന്ന യുവാവ് പിടിയിലായത്. മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍ അബിന്‍ പ്രദീപ്(24) നെയാണ് പോലീസ് പിടികൂടിയത്. 

പന്ത്രണ്ടാം ക്ലാസ് മുതല്‍ ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നു പരവൂര്‍ പോലീസ് ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു. മകളെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട യുവാവിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് സിറ്റി പോലീസ് കമ്മിഷണര്‍ക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് മാമ്മൂട്ടില്‍ പാലത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാവ്യയെ കണ്ടെത്തിയത്. കഴിഞ്ഞ ആറു വര്‍ഷമായി പ്രണയത്തിലായിരുന്നു. പിന്നാലെ യുവാവ് കാവ്യയെ ഒഴിവാക്കിയതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ഇനി തന്നെ ശല്യം ചെയ്യരുതെന്ന് പറഞ്ഞാണ് ഇയാള്‍ കാവ്യയെ തിരിച്ചയച്ചത്. ഇയാളുടെ വീട്ടില്‍ കാവ്യ എത്തിയപ്പോള്‍ മര്‍ദ്ദിക്കുകയും, അസഭ്യം പറഞ്ഞ് പുറത്താകുകയും ചെയ്തതായും ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തുന്നു.