ഇരുപത്തിരണ്ട് വയസ്സുള്ള ദിയാ ചൗധരിയാണ് തന്റെ മൂന്നാമത്തെ വയസ്സിൽ ജീവരാജ് എന്ന ഇരുപത്തിരണ്ടുകാരന്റെ ഭാര്യയായത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവരാജിന്റെ കുടുംബം ദിയയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നു പൊലീസ് പറയുന്നു.
ജോധ്പൂർ: മൂന്നാം വയസ്സിൽ ഇരുപത്തിരണ്ട് വയസ്സുള്ള യുവാവുമായി വിവാഹം നടത്തുകയും പിന്നീട് മുതിർന്നപ്പോൾ അയാളെ തന്നെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുകയും ചെയ്തതിനെ തുടർന്ന് യുവതി പൊലീസുകാരുടെ മുന്നിൽ വച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇരുപത്തിരണ്ട് വയസ്സുള്ള ദിയാ ചൗധരിയാണ് തന്റെ മൂന്നാമത്തെ വയസ്സിൽ ജീവരാജ് എന്ന ഇരുപത്തിരണ്ടുകാരന്റെ ഭാര്യയായത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ജീവരാജിന്റെ കുടുംബം ദിയയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നു പൊലീസ് പറയുന്നു. ഇത് സംബന്ധിച്ച് ദിയ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
വിവാഹത്തിൽ നിന്ന് ജീവരാജും കുടുംബവും പിന്മാറണമെങ്കിൽ പതിനാറ് ലക്ഷം രൂപ ഇയാളുടെ കുടുംബത്തിന് നൽകണമെന്ന് പ്രദേശത്തെ പഞ്ചായത്ത് വിധിച്ചിരുന്നു. എന്നാൽ പണം നൽകാനുള്ള സാമ്പത്തികാവസ്ഥയിലായിരുന്നില്ല ദിയയുടെ കുടുംബം. അതോടെ ജീവരാജിന്റെ കുടുംബത്തിന്റെ നിർബന്ധം വർദ്ധിച്ചു. പല തവണ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ല. അതോടെയാണ് ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് ദിയ എത്തുന്നത്.
ഇരുപത് ലക്ഷം രൂപ നൽകി പൊതുവായി മാപ്പ് പറഞ്ഞാൽ സമൂഹ ഭ്രഷ്ടിൽ നിന്ന് ഒഴിവാക്കാമെന്നായിരുന്നു പഞ്ചായത്ത് പിന്നീട് മുന്നോട്ട് വച്ച നിർദ്ദേശം. മറ്റ് ഗത്യന്തരമില്ലാതെയാണ് വിഷം കഴിച്ചതെന്ന് ദിയ പൊലീസിനോട് പറഞ്ഞു. ''എന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ എനിക്ക് ഭയമായിരുന്നു. ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയും തകർന്നു. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മരിക്കാമെന്ന് ഞാൻ തീരുമാനിക്കുന്നത്.'' ദിയയുടെ വാക്കുകൾ.
സംഭവത്തിൽ പൊലീസ് കേസെടുത്ത അന്വഷണം ആരംഭിച്ചിട്ടുണ്ട്. പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണത്തിനെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഈ കേസ് ഇത്രയും വഷളാക്കിയതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ദിയ ചൗധരി.
