ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ യുവതി യുവാവിന്‍റെ  ജനനേന്ദ്രിയം മുറിച്ചെടുത്തു

ഇറ്റാവ : ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ യുവതി യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചെടുത്തു. ഇറ്റാവയിലെ ദുര്‍ഗ്ഗാപുര ഗ്രാമത്തിലാണ് സംഭവം. ബലാത്സംഗം ചെയ്യാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് യുവതി കൃത്യം നടത്തിയത്. മനോജ് കുമാര്‍ എന്ന യുവാവിനെ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്ത്രീയുടെ വീട്ടില്‍ ഒളിച്ച് കടന്ന മനോജ് കുമാര്‍ യുവതിയെ കയറി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഇതിനിടെ സ്വയം രക്ഷയക്കെന്നോണം യുവതി ഇയാളെ കീഴ്‌പ്പെടുത്തുകയും കയര്‍ ഉപയോഗിച്ച് പിടിച്ച് കെട്ടിയതിന് ശേഷം ജനനേന്ദ്രിയം മുറിച്ച് കളയുകയുമായിരുന്നു. ശേഷം യുവതി തന്നെയാണ് ഈ കാര്യം നാട്ടുകാരെയും പൊലീസിനേയും അറിയിച്ചത്. അല്‍പ്പ സമയത്തിനകം പൊലീസെത്തി യുവാവിനെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

യുവാവ് ഈ സ്ത്രീയുടെ ഒരു അകന്ന ബന്ധുവാണെന്ന് പൊലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. യുവതി പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്ന് ഇറ്റാവ എസ്പി അറിയിച്ചു.