ആരോടും പറയാതെയല്ല, ആദ്യമേ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണ് ഭക്തരല്ല. തടഞ്ഞാല്‍ സമരമിരിക്കുമെന്ന് അമ്മിണി

കോട്ടയം: ശബരിമല കയറാന്‍ വയനാട്ടില്‍നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണിയും ശബരിമലയിലേക്ക് യാത്ര തിരിച്ചു. കോട്ടയത്തുനിന്നാണ് അമ്മിണി പുറപ്പെട്ടിരിക്കുന്നത്. പ്രതിഷേധകര്‍ യാത്ര തടഞ്ഞാല്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്നും അമ്മിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ആരോടും പറയാതെയല്ല, ആദ്യമേ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണ് ഭക്തരല്ല. മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. അത് സര്‍ക്കാര്‍ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങള്‍. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എത്താനുണ്ട്. അവര്‍ എത്തിയതിന് ശേഷം മലകയറുമെന്നും അമ്മിണി പറഞ്ഞു. 

അതേസമയം ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘം നേതാവ് ശെല്‍വിയും വ്യക്തമാക്കി. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി ശെല്‍വി പറഞ്ഞു. മനീതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ തിരിച്ച് പോകില്ലെന്ന് ശെല്‍വി മാധ്യമങ്ങളോടും വ്യക്തമാക്കി. ഒപ്പം മനീതിയുടെ രണ്ടാമത്തെ സംഘവും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 

കൂടുതല്‍ പ്രതിഷേധകരും പമ്പയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മനീതി സംഘത്തെ തടഞ്ഞ് പമ്പയില്‍ നാമജപ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്.