പരസ്യ ബോര്‍ഡ് തലയില്‍ വീണ് യുവതി മരിച്ചു

നോയിഡ: ഉത്തരേന്ത്യയില്‍ തുടരുന്ന കാറ്റിലും മഴയിലും പരസ്യ ബോര്‍ഡ് തലയില്‍ വീണ് ഗ്രേറ്റര്‍ നോയിഡയില്‍ യുവതി മരിച്ചു. സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയാണ് പരസ്യ ബോര്‍ഡ് തലയില്‍ വീണ് മരിച്ചത്. യുവതിയ്ക്കൊപ്പം സ്കൂട്ടറിലുണ്ടായിരുന്ന മകന് സാരമായി പരിക്കേറ്റു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗാസിയാബാദ് സ്വദേശിയായ മെഹ്റുന്നീസയാണ് മരിച്ചത്. ഇവരുടെ പ്രായം വ്യക്തമല്ല. ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണും നാല്‍പ്പതിലേറെ പേര്‍ മരിച്ചു. പൊടിക്കാറ്റും ശക്തമായ മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തുടരാൻ സാധ്യത ഉണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനങ്ങൾ ജാഗ്രതയിലാണ്. രാജ്യത്ത് മാത്രം 40 പേരാണ് മരിച്ചത്.

ഉത്തർപ്രദേശിൽ മാത്രം 18 പേർ മരിച്ചു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി എട്ട് പേരും, പശ്ചിമബംഗാളിൽ ഒൻപത് പേരും മരിച്ചു. പൊടിക്കാറ്റിലും മഴയിലും അഞ്ച് പേരാണ് മരിച്ചത്. ദില്ലി വിമാനത്താവളത്തിൽ മണിക്കൂറുകളോളം വൈകിയാണ് വിമാനങ്ങൾ സർവീസ് നടത്തിയത്.

രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലുമായി പൊടിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി. എഴുപതിലധികം പേർക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമായി കനത്ത മഴയും തുടരുകയാണ്. രണ്ട് ദിവസം കൂടി കേരളം ഉൾപ്പടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇടിയോട് കൂടിയ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.