തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം യുവതി മരിച്ചതായി പരാതി. അഞ്ചുമരങ്കാല സ്വദേശിനി ഷിനിയാണ് സിസേറിയനെ തുടര്‍ന്ന് മരിച്ചത്. കുഞ്ഞിനെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്നലെ വൈകുന്നേരമാണ് ഗര്‍ഭിണിയായ ഷിനിയെ വെള്ളറടയിലെ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി വയറുവേദന കൂടിയതോടെ സിസേറിയന് വിധേയയാക്കിയ യുവതിക്ക് ആന്തരിക രക്തസ്രാവമുണ്ടായി. യുവതിയുടെ നില കൂടുതല്‍ വഷളായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിലേക്ക് പോകും വഴി യുവതി മരിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ആരോപണം

ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ഉപരോധം സമരം നടത്തി.