ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് കുറയുന്നുവെന്ന വ്യാപകമായ പരാതിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചു. സാധാരണക്കാർക്ക് വാഹനത്തിന്റെ ഇന്ധനക്ഷമത കൃത്യമായി അളക്കാനാവില്ലെന്നും അംഗീകൃത ഡീലർമാർക്ക് മാത്രമേ അത് സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: പരിസ്ഥിതി സൗഹൃദ ഇന്ധനമായ ഇ20 പെട്രോൾ ഉപയോഗിക്കുമ്പോൾ വാഹനങ്ങളുടെ മൈലേജ് കുറയുന്നു എന്ന പരാതി വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര ഉപരിഗത ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഒരു സാധാരണ കാറുടമയ്ക്ക് സ്വന്തം നിലയിൽ വാഹനത്തിന്‍റെ ഇന്ധനക്ഷമത കൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നും അംഗീകൃത ഡീലർമാരുടെ പക്കലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് മാത്രമേ മൈലേജ് കൃത്യമായി പരിശോധിക്കാനാകൂ എന്നും മന്ത്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ ഈ പരാമർശം. 2023ൽ വാങ്ങിയ തന്‍റെ കാറിന്‍റെ മൈലേജ് നഗരത്തിലെ ഡ്രൈവിംഗിൽ ലിറ്ററിന് 11 കിലോമീറ്ററിൽ നിന്ന് 7 കിലോമീറ്ററായി കുത്തനെ കുറഞ്ഞതായി മാധ്യമപ്രവർത്തക ചൂണ്ടിക്കാണിച്ചപ്പോഴാണ് ഗഡ്കരിയുടെ മറുപടി. സാധാരണക്കാർ ചെയ്യുന്നതുപോലെ ഡാഷ്‌ബോർഡിലെ റീഡിങ് നോക്കിയാണ് താൻ മൈലേജ് കണക്കാക്കിയതെന്ന് മാധ്യമപ്രവർത്തക വിശദീകരിച്ചു. എന്നാൽ നമ്മൾ കാണുന്ന ഡാഷ്‌ബോർഡ് കണക്കുകൾ പൂർണ്ണമായും വിശ്വസിക്കാനാകില്ലെന്നും നിർമ്മാതാക്കൾ സാക്ഷ്യപ്പെടുത്തിയ പ്രത്യേക പരിശോധനാ യന്ത്രങ്ങൾ ഉള്ള അംഗീകൃത ഡീലർമാർക്ക് മാത്രമേ യഥാർത്ഥ ഇന്ധനക്ഷമത അളക്കാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്ത് ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വഴി ചില വാഹനങ്ങളിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ മൈലേജ് കുറയാൻ സാധ്യതയുണ്ടെന്ന് അടുത്തിടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം തന്നെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗഡ്കരിയുടെ പുതിയ വിശദീകരണം പുറത്തുവരുന്നത്. മൈലേജ് കുറയുന്നുണ്ടെങ്കിലും മലിനീകരണം കുറയ്ക്കാനും ക്രൂഡ് ഓയിൽ ഇറക്കുമതി അമിതമായി ആശ്രയിക്കുന്നത് തടയാനും എഥനോൾ ചേർത്ത ഇന്ധനം അത്യന്താപേക്ഷിതമാണെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. ഏപ്രിൽ ഒന്ന് മുതൽ രാജ്യമൊട്ടാകെ ഇ20 ഇന്ധന വിതരണം നിർബന്ധമാക്കിയതോടെ വാഹന ഉടമകളിൽ നിന്നും വാഹന നിർമ്മാതാക്കളിൽ നിന്നും വലിയ രീതിയിലുള്ള വിമർശനങ്ങളും ആശങ്കകളുമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.