ഹൈദരബാദ്: ഒരു കോടി രൂപ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി 'മരിച്ച' യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ വഞ്ചിക്കാനുള്ള ശ്രമം ഇന്‍ഷുറന്‍സ് കമ്പനിയുടെ കൃത്യസമയത്തുള്ള ഇടപെടലിനെ തുടര്‍ന്നാണ് പൊളിഞ്ഞത്. ഹൈദരാബാദ് സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ഏജന്റുമായ സയിദ് ഷക്കീല്‍ അലാം ഭാര്യയുടെ പേരില്‍ എടുത്ത ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് ശ്രമം നടന്നത്. 

കഴിഞ്ഞ ജൂണില്‍ നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചെന്ന് സ്ഥാപിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ ആയിരുന്നു യുവതിയുടെ ഭര്‍ത്താവ് ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്തത്. ഇതിന് ആധാരമായി വ്യാജ മരണ സര്‍ട്ടിഫിക്കറ്റും ചികിത്സാ രേഖകളും മൃതദേഹം സംസ്കരിച്ചതിന്റേതുമായ രേഖകള്‍ ഇയാള്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ സമര്‍പ്പിച്ചിരുന്നു. 

മരിച്ചെന്ന് കാണിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനായുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. 2012ല്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ 11800 രൂപ പ്രീമിയം തുക. ഇവര്‍ മറ്റൊരു ഇന്‍ഷുറന്‍സ് കമ്പനിയെ പറ്റിച്ചതായും പരാതിയുണ്ട്.