വളരെ വേഗതയില്‍ വന്ന ഒരു വാഹനം ഇവരുടെ ബൈക്കിനെ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ യുവതി താഴേക്ക് വീഴുകയുമായിരുന്നു

ദില്ലി: മേല്‍പ്പാലത്തില്‍ നിന്ന് 50 അടി താഴേക്ക് വീണ് ബൈക്ക് യാത്രികയ്ക്ക് പരിക്ക്. യുവതികള്‍ സഞ്ചരിച്ച ബൈക്കില്‍ അജ്ഞാത വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. കുനാല്‍ (18),സപ്ന (20), ജിയ(22) എന്നീ മൂന്ന് പെണ്‍കുട്ടികളാണ് ബൈക്കിലുണ്ടായിരുന്നത്. ഇവര്‍ ദില്ലിയിലെ പസ്ചിം വിഹാറില്‍ നിന്ന് ജാനകിപുരിയിലേക്ക് പോവുകയായിരുന്നു.

വളരെ വേഗതയില്‍ വന്ന ഒരു വാഹനം ഇവരുടെ ബൈക്കിനെ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ സപ്ന താഴേക്ക് വീഴുകയുമായിരുന്നു. പരിക്കുകളേറ്റ സപ്ന ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ വാഹനത്തെ ഇടിച്ചത് ഒരു കാറാണെന്നാണ് പൊലീസ് നിഗമനം. സിസിടിവി ദൃശ്യങ്ങളിലൂടെ ഇവരെ ഇടിച്ച വാഹനമേതെന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.