സോഫ്റ്റ് ഡ്രിങ്കില്‍ മദ്യം കലക്കി നല്‍കി യുവതിയും കാമുകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചു
ദില്ലി: പതിമൂന്നുവയസുള്ള പെണ്കുട്ടിയെ ബന്ധുവായ യുവതി മദ്യം കൊടുത്ത് മയക്കിക്കിടത്തി കാമുകനെകൊണ്ട് ബലാത്സംഗം ചെയ്യിച്ചു. ദില്ലിയിലെ പ്രാന്തത്തിലെ ഷഹ്ബാദ് ഡയറിയിൽ കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം നടന്നത്. യുവതിയുടെ അന്തരവളാണ് പെണ്കുട്ടി.
ക്രൂര പീഡനത്തെ തുടർന്ന് രക്തസ്രാവം നിലയ്ക്കാതിരുന്നതിനാൽ പെണ്കുട്ടിയുടെ പിതാവ് ഇവരെ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടർമാരാണ് പെണ്കുട്ടി പീഡനത്തിനിരയായതായി വിവരം പുറത്തറിയിക്കുന്നത്. ഇതേതുടർന്ന് വീട്ടുകാർ പൊലീസിനെ സമീപിക്കുകയായിരുന്നു. പെണ്കുട്ടിക്കു മദ്യം നൽകിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകൻ മുകേഷ് ഒളിവിലാണ്. ട്രക്ക് ഡ്രൈവറാണ് ഇയാള്. പൊലീസ് ഇയാള്ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
സോഫ്റ്റ് ഡ്രിങ്കില് മദ്യം കലക്കിയാണ് യുവതി പെണ്കുട്ടിയെ മയക്കി കിടത്തിയത്. യുവതിയുടെ സാന്നിധ്യത്തിലാണ് മുകേഷ് പെണ്കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാബാ സാഹിബ് അംബേദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെണ്കുട്ടിയുടെ ആരോഗ്യവസ്ഥ മെച്ചപ്പെട്ടന്ന് ഡോക്ടര്മാര് അറിയിച്ചു.പീഡനം നടന്ന ദിവസമാണ് 12 വയസിൽ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്കു വധശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചത്.
