ഭര്‍ത്താവും വീട്ടുകാരും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഹൈജിനസും ലീലാമ്മയും പറയുന്നു. മകളുടെ മരണശേഷം ലഭിച്ച കുറിപ്പുകള്‍ അതിന് തെളിവാണെന്ന് അമ്മ ലീലാമ്മ വെളിപ്പെടുത്തി. 


എറണാകുളം: പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ മട്ടാഞ്ചേരി സ്വദേശിനി ആൻലിയ ഹൈജിനസിന്റെ മരണത്തിൽ അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി മാതാപിതാക്കൾ. കഴിഞ്ഞ ഓ​ഗസ്റ്റ് 28നാണ് ഇരുപത്തിയഞ്ചുകാരിയായ ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. ഭർതൃ​ഗൃഹത്തിലെ പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് അറിയിച്ചിട്ടും പൊലീസ് വേണ്ട രീതിയിൽ അന്വേഷിക്കുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ ഗാര്‍ഹിക പീഢനമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് വിശദീകരണം.

വിദേശ മലയാളികളായ ഹൈജിനസ് പാറയ്ക്കലിന്റെയും ലീലാമ്മ ഹൈജിനസിന്റെയും മകളാണ് ആൻലിയ. തൃശൂര്‍ സ്വദേശി ജസ്റ്റിന്‍ മാത്യുവുമായി രണ്ടു കൊല്ലം മുമ്പാണ് ഇവർ മകളുടെ വിവാഹം നടത്തിയത്. ഇപ്പോള്‍ എട്ടുമാസം പ്രായമായ മകനുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 25 ന് ഭര്‍തൃവീട്ടില്‍ നിന്നും പോയ ആൻലിയയെ കാണാതാകുകയായിരുന്നു. മകളെ കാണാനില്ലെന്ന് റെയില്‍വേ പൊലീസില്‍ പരാതിപ്പെട്ടതായി ഇവർ പറയുന്നു. ഓ​ഗസ്റ്റ് 28 ന് വടക്കേക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പെരിയാറില്‍ നിന്നാണ് ആൻലിയയുടെ മൃതദേഹം കണ്ടെത്തി.

ഭര്‍ത്താവും വീട്ടുകാരും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഹൈജിനസും ലീലാമ്മയും പറയുന്നു. മകളുടെ മരണശേഷം ലഭിച്ച കുറിപ്പുകള്‍ അതിന് തെളിവാണെന്ന് അമ്മ ലീലാമ്മ വെളിപ്പെടുത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ഹൈജിനസിന്‍റെ പരാതിയില്‍ ഗുരുവായൂര്‍ എസിപി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇവരുടെ ആരോപണം.

എന്നാൽ അന്വേഷണം നടക്കുകയാണെന്നായിരുന്നു ഗുരുവായൂര്‍ എസിപിയുടെ വിശദീകരണം. ഓഗസ്റ്റ് 25 ന് ബംഗലൂരുവിലേക്ക് പോകുന്നതിനായി വീട്ടില്‍ നിന്നിറങ്ങിയ ആന്‍ലിയയും ഭര്‍ത്താവും തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് തര്‍ക്കമുണ്ടായി. ആന്‍ലിയ ആലുവയിലെത്തിയതായി മൊബൈല്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു