മുസഫർനഗര്‍: യുവാവും യുവതിയും സ്നേഹിച്ച് ഒളിച്ചോടിയതിന് യുവാവിന്‍റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ നോജൽ ഗ്രാമത്തിലാണു ഞെട്ടിച്ച സംഭവം നടന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സുപ്രണ്ട് അജയ് പാൽ ശർമ പറഞ്ഞു.
ഗാസിയാബാദിൽ പഠിച്ചിരുന്ന ഇരുപത്തിനാലു വയസ്സുള്ള യുവതിക്കൊപ്പമാണ് ഇക്കഴിഞ്ഞ നവംബർ 20ന് ഇരുപത്തിയാറുകാരനായ യുവാവ് ഒളിച്ചോടിയത്.
ഇതിനു പ്രതികാരമായി യുവതിയുടെ ബന്ധുക്കൾ യുവാവിന്‍റെ മാതാപിതാക്കൾ, സഹോദരൻ, അളിയൻ എന്നിവരെ തട്ടിക്കൊണ്ടുപോയി. ഡിസംബർ 19ന് തട്ടിക്കൊണ്ടുപോയ ഇവരെ ഭീഷണിപ്പെടുത്തുകയും യുവാവിന്റെ മാതാവിനെ കൂട്ടമാനഭംഗപ്പെടുത്തുകയും ചെയ്തു. ഈമാസം 25ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കൂട്ടമാനഭംഗത്തിനു കേസ് റജിസ്റ്റർ ചെയ്തു. യുവതിയുടെ പിതാവ്, സഹോദരങ്ങൾ, സഹോദര പുത്രൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുൻ ഗ്രാമപ്രഥാൻ ആയിരുന്ന യുവതിയുടെ ഒരു സഹോദരനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
