ഹരിയാന: ഹരിയാനയിലെ നിര്‍ഭയ മോഡല്‍ ക്രൂരമായ ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നതിന് മുന്നേ മറ്റൊരു ക്രൂരത കൂടി. മാനഭംഗത്തിന് ശേഷം കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറി. ഹരിയാനയിലെ സോനിപ്പത്തില്‍ ആണ് രണ്ടംഗ സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയത്.

വഴിയരികില്‍ തെരുവുനായ്ക്കള്‍ വികൃതമാക്കിയ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചിതയായ യുവതിയെ ചൊവ്വാഴ്ചയാണ് സോനിപ്പത്തില്‍നിന്ന് കാറില്‍ രണ്ടുപേര്‍ റോഹ്തക്കിലേക്കു തട്ടിക്കൊണ്ടുപോയത്. യുവതിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മാനഭംഗപ്പെടുത്തിയ ശേഷം ഇഷ്ടികകൊണ്ട് തലയ്ക്കും മറ്റും ക്രൂരമായി മുറിവേല്‍പിച്ച് യുവതിയെ കൊലപ്പെടുത്തുകയായിരുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ യുവതിയോടു വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിരോധമാകാം സംഭവത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.