ഹൈദരാബാദ്: എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 28 കാരി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ മല്‍കജഗരിയിലാണ് സംശയാസ്പദമായ രീതിയില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 

ഞായറാഴ്ച രാത്രിയിലാണ് നാഗലക്ഷ്മി തന്റെ നാലാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍കെണിയില്‍നിന്ന് ചാടി മരിച്ചത്. യുവതി ആത്മഹത്യ ചെയ്യുമ്പോള്‍ ഭര്‍ത്താവും മകളും മുറിയില്‍ ഉറങ്ങുകയായിരുന്നു. 

എട്ട് വര്‍ഷം മുമ്പാണ് ഗുണ്ടൂര്‍ സ്വദേശിയായ നാഗലക്ഷ്മി രമേഷിനെ വിവാഹം ചെയ്തത്. ഇരുവരും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഞ്ച് വയസ്സുള്ള മകള്‍ മോക്ഷാഞ്ജലിയുമൊത്ത് മല്‍കജ്ഗിരിയിലാണ് താമസം. 

ബഹുരാഷ്ട്ര കമ്പനിയില്‍ സീനിയര്‍ അനലിസ്റ്റാണ് രമേഷ്. ഞായറാഴ്ച ഇരും എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചു. ഒരുമിച്ച് അടുത്തുള്ള ക്ഷേത്രത്തില്‍ പോയി. പ്രത്യേക പൂജകളും നടത്തി. ആഘോഷങ്ങള്‍ക്കൊടുവില്‍ ഭര്‍ത്താവും കുഞ്ഞും ഉറങ്ങിയതിന് ശേഷമാണ് നാഗലക്ഷ്മി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടുന്നത്. 

രാവിലെ ഉറക്കമുണര്‍ന്ന രമേഷ് ഭാര്യയെ വീട്ടിലെങ്ങും കണ്ടില്ല. എല്ലായിടത്തും പരിശോധിച്ച രമേശ് വീട് പുറത്തുനിന്ന് പൂട്ടിയതായി മനസ്സിലാക്കി. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നാഗലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അതേസമയം യുവതി എന്തിനാണ് അത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. യുവതിയുടെ പിതാവിന്റെ പരാതി പ്രകാരം സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. യുവതിയുടെ ആത്മഹത്യ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.