അനന്തിരവനുമായുള്ള വഴിവിട്ട ബന്ധത്തിന് വേണ്ടി ഭര്‍ത്താവിനെ ഭക്ഷണത്തില്‍ അല്‍പ്പാല്‍പ്പമായ വിഷം കൊടുത്തു കൊന്ന് ഭാര്യ

ദില്ലി: അനന്തിരവനുമായുള്ള വഴിവിട്ട ബന്ധത്തിന് വേണ്ടി ഭര്‍ത്താവിനെ ഭക്ഷണത്തില്‍ അല്‍പ്പാല്‍പ്പമായ വിഷം കൊടുത്തു കൊന്ന് ഭാര്യ. ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മാര്‍ച്ച് ഒന്‍പതിനാണ് ദില്ലി ബകംപൂര്‍ സ്വദേശി വകീല്‍ മരണപ്പെടുന്നത്. സ്വാഭാവികമായ മരണം എന്നാണ് മയക്കുമരുന്ന് ഉപയോക്താവാണെന്നും, എന്നും ലഹരിക്ക് അടിമയാണെന്നും ഭാര്യ പറഞ്ഞ വകീലിന്‍റെ മരണത്തെ ഡോക്ടര്‍മാര്‍ വിധി എഴുതിയത്.

എന്നാല്‍ വകീലിന്‍റെ ഭാര്യ നജ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വകീലിന്‍റെ പിതാവ് പോലീസിന് പരാതി നല്‍കി.മകന്‍ മുമ്പ് ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നാണ് പിതാവ് നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നത്. മരുമകള്‍ നജ്മയ്ക്ക് അനന്തിരവന്‍ സല്‍മാനുമായി അവിഹിത ബന്ധം ഉണ്ടെന്നും അതുകൊണ്ട് തന്നെ മരുമകള്‍ക്ക് മകന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു.

മൊഹമ്മദിന്‍റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് 2007 ല്‍ നജ്മയെ വകീല്‍ വിവാഹം കഴിച്ചെങ്കിലും സല്‍മാനുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ മരണശേഷം നജ്മ ഉത്തര്‍പ്രദേശിലെ സ്വന്തം വീട്ടിലേക്ക് പോയതായും ഒരിക്കല്‍ പോലും തന്റെ കൊച്ചുകുട്ടികളായ പെണ്‍മക്കളെ കാണാന്‍ പോലും വന്നിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. വകീലിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയ പോലീസ് അതില്‍ റെക്കോഡ് ചെയ്യപ്പെട്ട നജ്മയുടെയും സല്‍മാന്റെയും വകീലിനെ കൊല്ലാനുള്ള ആസൂത്രണം സംബന്ധിച്ച സംഭാഷണം പിടിച്ചെടുക്കുകയും ചെയ്തു.

തുടര്‍ന്നാണ് സംസ്‌ക്കരിക്കപ്പെട്ട വകീലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പോലീസ് വീണ്ടും പുറത്തെടുത്തു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സല്‍മാനെയും നജ്മയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനിരിക്കുകയാണ്. മയക്ക് മരുന്ന് അല്‍പ്പാല്‍പ്പമായി ചേര്‍ത്ത് വിഷമാക്കി നല്‍കിയെന്നാണ് ഇവര്‍ സമ്മതിച്ചത്.