സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ തരം തിരിച്ച് പാക്ക് ചെയ്യാൻ നിയോഗിച്ച സീനിയർ വനിതാ സിപിഓയും സഹായത്തിനുണ്ടായിരുന്ന പൊലീസുകാരും ഇവ കടത്തുന്ന ദൃശ്യങ്ങള്‍ മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിപ്പെട്ടു. 

കൊച്ചി: ദുരിതാശ്വാസ കാമ്പിലേക്ക് വിതരണം ചെയ്യാനുള്ള സാധനങ്ങൾ കടത്തിയതിന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥലം മാറ്റം.പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച സാധനങ്ങൾ സ്വന്തം വീട്ടിലേക്ക് കടത്തിയതിനാണ് 12 പൊലീസ് ഉദ്യോഗസ്ഥർ അച്ചടക്ക നടപടിയ്ക്ക് വിധേയരായത്.

ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യേണ്ട സാധനങ്ങൾ തിങ്കളാഴ്ച രാത്രിയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ വീടുകളിലേക്ക് കടത്തിയത്. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ തരം തിരിച്ച് പാക്ക് ചെയ്യാൻ നിയോഗിച്ച സീനിയർ വനിതാ സിപിഓയും സഹായത്തിനുണ്ടായിരുന്ന പൊലീസുകാരും ഇവ കടത്തുന്ന ദൃശ്യങ്ങള്‍ മുതിർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിപ്പെട്ടു. 

ക്യാമ്പുകളിൽ വിതരണം ചെയ്യാനുള്ള വസ്ത്രങ്ങള്, സാനിറ്ററി നാപ്കിൻ എന്നിവ കാറിൽ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്.തുടർന്ന് നടന്ന അന്വേഷണത്തിൽ 11 വനിതാ പൊലീസുദ്യോഗസ്ഥർ ഉള്പ്പെടെ 12 പേരെ വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറ്റി സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിറക്കി.

വീടിനടുത്തുള്ള ക്യാമ്പുകളിൽ വിതരണം ചെയ്യാനായിരുന്നു സാധനങ്ങൾ കൊണ്ടു പോയതെന്നായിരുന്നു ഉദ്യോഗസ്ഥർ സിഐയ്ക്ക് നൽകിയ വിശദീകരണം.എന്നാൽ അനുമതി ഇല്ലാതെയാണ് സാധനങ്ങൾ കൊണ്ടു പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ സിഐ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂട്ട സ്ഥലം മാറ്റം.