സ്ത്രീകളും കുട്ടികളും സംഘടിച്ചെത്തി പ്രതിഷേധത്തിന് മുന്നിൽ ഷാപ്പ് പൂട്ടി ഉടമകൾ സ്ഥലം വിട്ടു

ആലപ്പുഴ: പുന്നപ്രയിൽ കള്ളു ഷാപ്പിനെതിരെ സ്ത്രീകളുടെ പ്രതിഷേധം. നാട്ടുകാർ സമരം ചെയ്ത് പൂട്ടിയ കള്ളുഷാപ്പ് വീണ്ടും തുറന്നതോടെയാണ് പരിസരവാസികളായ സ്ത്രീകളും കുട്ടികളും സംഘടിച്ചെത്തി വീണ്ടും പൂട്ടിച്ചത്. മൂന്ന് വർഷം മുമ്പ് നാട്ടുകാർ സമരം ചെയ്ത് പൂട്ടിച്ച കള്ള് ഷാപ്പ് വീണ്ടും തുറന്നതറിഞ്ഞതോടെയാണ് പ്രദേശവാസികൾ സംഘടിച്ചെത്തിയത്. പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപം ബീച്ച് റോഡിലുള്ള 64-ാം നമ്പർ കള്ളുഷാപ്പാണ് കഴിഞ്ഞ തിങ്കളാഴ്ച രാവിലെ തുറന്നത്.

വിവരം അറിഞ്ഞ് സ്ത്രീകളടക്കം സമീപവാസികൾ പ്രതിഷേധവുമായി എത്തി. മുദ്രാവാക്യം വിളികളുമായാണ് സമീപത്തെ അഞ്ഞൂറോളം സ്ത്രീകളും കുട്ടികളും ഷാപ്പിലേക്ക് പോയത്. പുന്നപ്ര പോലീസ് ഉടൻ എത്തിയതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. സ്ത്രീകളുടെ പ്രതിഷേധത്തിന് മുന്നിൽ ഷാപ്പ് പൂട്ടി ഉടമകൾ സ്ഥലം വിട്ടു. തങ്ങളുടെ ജീവിതത്തിന് തന്നെ വില പറയുന്ന കള്ള് ഷാപ്പ് തുറക്കാൻ അനുവദിക്കില്ലെന്ന് സമരത്തിനെത്തിയവർ പറയുന്നു.

മൂന്നു വർഷം മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്ന ഷാപ്പ് നാട്ടുകാർ സംഘടിച്ച് 24 മണിക്കൂർ സമരം നടത്തിയാണ് പൂട്ടിയത്. കോടതി വിധിയോടെ അടിസ്ഥാനത്തിലാണ് വീണ്ടും ഷാപ്പ് തുറക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്. എന്തായാലും ഷാപ്പ് തുറക്കാതിരിക്കാൻ വരും ദിവസങ്ങളിലും ഷാപ്പിന് മുന്നിൽ സമരം ചെയ്യാനാണ് നാട്ടുകാരുടെ തീരുമാനിച്ചിരിക്കുന്നത്. സമീപത്തെ വിയാനി മദ്യ വിരുദ്ധ സമിതിയുടെ നേതൃത്വത്തിലും ഷാപ്പിനെതിരെ സമരപരിപാടികൾ സംഘടിപ്പിച്ചു.