ജോഥ് പൂര്‍: മരം മുറിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവതിയെ ജീവനോടെ കത്തിച്ചു. രാജസ്ഥാനിലെ ജോഥ്പൂരിന് സമീപം പിപ്ഡയിലാണ് സംഭവം. ലളിത എന്ന 20 വയസുകാരിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ഏതാണ്ട് 10പേര്‍ അടങ്ങുന്ന സംഘമാണ് കൃത്യം ചെയ്തത് എന്നാണ് പോലീസ് എഫ്ഐആര്‍ പറയുന്നത്.
ജോഥ് പൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഗ്രാമത്തിലെ റോഡ് വീതികൂട്ടുന്നതിന്‍റെ ഭാഗമായി ഒരു സംഘം ലളിതയുടെ തോട്ടത്തിലെ മരങ്ങള്‍ മുറിക്കാന്‍ എത്തിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം. ഈ നീക്കത്തെ ലളിത എതിര്‍ത്തു. തുടര്‍ന്ന് തര്‍ക്കം മുറുകുകയും ഒരു സംഘം യുവതിയെ ആക്രമിച്ച് ജീവതോടെ തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരിക്കോടെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണപ്പെട്ടു.
പെട്രോള്‍ ഒഴിച്ച് തന്‍റെ സഹോദരിയെ കത്തിക്കുകയായിരുന്നു എന്നാണ് ലളിതയുടെ സഹോദരന്‍ വിദ്യാധര്‍ പറയുന്നത്. ആക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഇയാള്‍ ആവശ്യപ്പെടുന്നു. ആക്രമികള്‍ക്ക് നേതൃത്വം നല്‍കിയത് ഗ്രമമുഖ്യനായ രണ്‍വീര്‍ സിംഗ് ആണെന്നാണ് പോലീസ് പറയുന്നത്. ഒപ്പം റവന്യൂ ഉദ്യോഗസ്ഥനായ ഓം പ്രകാശാണ് ലളിതയെ തീവച്ചത് എന്നും പോലീസിന് സൂചനയുണ്ട്.
