ആറ് വയസ്സുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച അമ്മയുടെ മൊഴി

ഓറിഗോണ്‍: നിരവധി തവണ കത്തികൊണ്ട് മുറിവേറ്റ ശരീരത്തില്‍ ബാക്കിയായ ജീവനുമായി രാത്രിയില്‍ അയല്‍വീട്ടിലേക്ക് ഇറങ്ങിയോടി ആറു വയസ്സുകാരന്‍. സ്വന്തം അമ്മയുടെ അതിക്രൂരമായ ആക്രമണത്തില്‍നിന്ന് കുതറിയോടിയാണ് മുറിഞ്ഞ് തൂങ്ങിയ ശരീരഭാഗങ്ങളും പിടിച്ച് അവന്‍ അയല്‍ വീട്ടിലെത്തിയത്. ശരീരത്തില്‍ നിന്ന് ഒലിച്ചിറങ്ങിയ രക്തം വഴിയിലെല്ലാം പരക്കുന്നുണ്ടായിരുന്നു. പാതി പുറത്തുവരുന്ന ശബ്ദത്തോടെ ആ കുഞ്ഞ് അയല്‍വാസിയോട് പറഞ്ഞൊപ്പിച്ചു; അമ്മ തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന്. 

അമേരിക്കയിലെ ഓറിഗോണിലാണ് സംഭവം നടന്നത്. കുട്ടിയുടെ ശരീരത്തില്‍ ആറ് തവണ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഉടന്‍ തന്നെ അയല്‍വാസികള്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. മാരകമായി മുറിവേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി പോര്‍ട്ട്ലാന്‍റിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. കുഞ്ഞിന്‍റെ ശരീരത്തിലും ആന്തരികാവയവങ്ങളിലും ക്ഷതമേറ്റതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് രക്തം നിറഞ്ഞു നിന്ന മുറിയും ചുവരും നിലത്തുകിടക്കുന്ന കത്തിയും കണ്ടെത്തി. കുഞ്ഞിന്‍റെ അമ്മ വില്ലഗോമസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന് ഇത് ആവശ്യമായിരുന്നുവെന്നും കള്ളം പറഞ്ഞതിനാണ് ആക്രമിച്ചതെന്നുമായിരുന്നു സംഭവത്തോടുള്ള ഇവരുടെ പ്രതികരണം. വില്ലഗോമസ് ഇപ്പോള്‍ ജയിലിലാണ്. വില്ലഗോമസിന്‍റെ 14 മാസം പ്രായമായ കുഞ്ഞ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ കൈവശമാണ്. ഈ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഇവര്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നും പൊലീസ് പറഞ്ഞു. കുത്തി പരിക്കേല്‍പ്പിച്ച ആറ് വയസ്സുകാരന്‍റെ നിലമെച്ചപ്പെട്ടു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.