മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം കുടിക്കാന്‍ നല്‍കി, അബോധാവസ്ഥയിലായ യുവതിയെ ഫ്ളാറ്റിലേക്ക് കൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. 


ദില്ലി: ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെ രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു യുവതിയെ സഹപ്രവര്‍ത്തകര്‍ കൂട്ടബലാത്സംഗം ചെയ്തത്. 

ശനിയാഴ്ച ജോലി കഴിഞ്ഞ് പോകുകയായിരുന്ന യുവതിയ്ക്ക് 25 കാരനായ ബ്രിജു, 31 കാരനായ വിനോദ് കുമാര്‍ എന്നിവര്‍ വാഹനത്തില്‍ ലിഫ്റ്റ് നല്‍കി. ഇവര്‍ യുവതിയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതള പാനീയം കുടിക്കാന്‍ കൊടുത്തു. അബോധാവസ്ഥയിലായ യുവതിയെ ഫ്ളാറ്റിലേക്ക് കൊണ്ടുപോകുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. 

സംഭവത്തിന് ശേഷം യുവതിയെ ഇരുവരും ചേര്‍ന്ന് വസന്ത് കുഞ്ച് ഭാഗത്ത് ഇറക്കി വിട്ടു. എങ്ങനെയൊക്കെയോ വീട്ടിലെത്തിയ യുവതി താന്‍ നേരിട്ട ആക്രമണം ബന്ധുക്കളോട് പറഞ്ഞു. ഞായറാഴ്ച പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. യുവതിയെ വൈദ്യ പരിശോധന നടത്തിയതില്‍നിന്ന് ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു.