കൊച്ചി: ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തിക്കൊന്ന സംഭവത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നെടുംകുന്നം സ്വദേശി പ്രശാന്ത് പൊലീസ് പിടിയിലായി. വിവാഹ മോചിതയായ യുവതിയും പ്രശാന്തും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
വരാപ്പുഴ മുട്ടിനകം നടുവത്തുശേരില്‍ ശീതള്‍ (29) ആണ് ഇന്ന് രാവിലെ കുത്തേറ്റ് മരിച്ചത്. 

ശീതളിന്റെ വീടിനു മുകളില്‍ വാടകയ്ക്കു താമസിക്കുന്നയാളാണ് പ്രശാന്ത്. അടുത്തിടെ ഇവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസവും വാക്കേറ്റവും ഉണ്ടായിരുന്നു. രാവിലെ പ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്നു പറഞ്ഞ് വീളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

രാവിലെ പത്തരയോടെയാണ് സംഭവം. കുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോര്‍ട്ടില്‍ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് റിസോര്‍ട്ട് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തില്‍ ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. യുവതിയെ കുത്തിയ ശേഷം ഒരാള്‍ ഓടി മറഞ്ഞിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു.