ഖമ്മം: തന്റെ പ്രണയം തിരിച്ചുപിടിക്കാനായി കാമുകന്റെ വീട്ടുപടിക്കലില്‍ കാമുകിയുടെ വേറിട്ട സമരം. തെലുങ്കാനയിലെ ഭദ്രാദ്രി കൊഥാഗുഡം ജില്ലയിലെ സീതാംപേട്ട് ബഞ്ചാരയിലാണ് സംഭവം. മുളകപ്പള്ളി മണ്ഡൽ സ്വദേശനിയായ ബോഡ രാജമ്മയാണ് (27) കാമുകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത്.
രാജമ്മയും സീതാംപേട്ട് ബഞ്ചാര സ്വദേശി ലാവുദ്യ വെങ്കിടേശ്വരലുവും ഏഴു വർഷമായി പ്രണയത്തിലാണ്. ഖമ്മം നഗരത്തിൽ ബിരുദപഠനത്തിന്റെ കാലത്തായിരുന്നു വെങ്കിടേശ്വരലുവുമായി പ്രണയത്തിലായത്. നെല്ലൂരിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ് വെങ്കിടേശ്വരലു. തന്നെ വിവാഹം കഴിക്കാമെന്ന് വെങ്കിടേശ്വരലു വാക്ക് നൽകിയിരുന്നുവെന്ന് രാജമ്മ പറയുന്നു.
എന്നാൽ വെങ്കിടേശ്വരലുവിന്റെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപര്യമില്ലായിരുന്നു. നെല്ലൂരിൽനിന്ന് വെങ്കിടേശ്വരലുവിനെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നും രാജമ്മ പറയുന്നു. ഇതോടെയാണ് വെങ്കിടേശ്വരലുവിന്റെ വീടിനു മുന്നിൽ രാജമ്മ സമരം ആരംഭിച്ചത്.
വീട്ടുകാർ വെങ്കിടേശ്വരലുവിനെ വിട്ടുനൽകുകയോ പോലീസ് ഇടപെടുകയോ ചെയ്യുന്നതുവരെ സമരം തുടരനാണ് രാജമ്മയുടെ തീരുമാനം. അതേസമയം വെങ്കിടേശ്വരലുവിന്റെ വീട് പൂട്ടിക്കിടക്കുകയാണ്.
