കാണാതായ യുവതിയെ കണ്ടെത്തി മലയിടുക്കില്‍ യുവതിയ്ക്ക് രക്ഷയായത് കാര്‍ റേഡിയേറ്റര്‍

കാലിഫോര്‍ണിയ: കഴിഞ്ഞ ഏഴ് ദിവസായി കാണാതായ യുവതിയെ ഒടുവില്‍ മലയിടുക്കുകളില്‍ നിന്ന് കണ്ടെത്തി. 23 കാരിയായ ഏഞ്ചല ഹെര്‍ണാണ്ടസ് ലോസേഞ്ചലസിലുള്ള സഹോദരിയെ കാണാന്‍ പോര്‍ട്ട്ലാന്‍റിലെ വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. പിന്നീട് ആരും അവരെ കണ്ടില്ല. ഏഞ്ചല വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ ഏഞ്ചലയുടെ കാര്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പിന്നീട് അന്വേഷണം പുരോഗമിച്ചത്. 

അപകടത്തില്‍ പെട്ട് ഏഞ്ചലയുടെ കാര്‍ മലയിടുക്കിലേക്ക് വീണുപോകുകയായിരുന്നു. ലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട ഏഴ് ദിവസം ഏഞ്ചല അതിജീവിച്ചത് കാറിലെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ്. വാഹനത്തിന് കുറുകെ ചാടിയ ഏതോ മൃഗത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ മലയിടുക്കകളിലേക്ക് വീഴുകയായിരുന്നുവെന്ന് ഏഞ്ചല പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ഏ‍ഞ്ചലയെ മലയിടുക്കില്‍ കണ്ടെത്തുമ്പോള്‍ അവര്‍ അര്‍ദ്ധ ബോധാവസ്ഥയിലായിരുന്നു. അപകടത്തില്‍ ഏഞ്ചലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ഏഞ്ചലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.