'ഭർത്താവിൽ നിന്നാണ് തനിക്ക് രോഗം പിടിപ്പെട്ടതെന്ന് കമ്പനി അധികൃതരോട് പറഞ്ഞു. എന്നാൽ അത് വകവെക്കാതെ തന്നെക്കൊണ്ട് നിർബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു'- യുവതി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
പൂനെ: എച്ച് ഐ വി ബാധിതയായത് കാരണം ജോലിയിൽ നിന്ന് പിരിച്ച് വിട്ട യുവതിക്ക് മൂന്ന് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നീതി. യുവതിയെ തിരികെ അതേ സ്ഥാപനത്തില്‍ അതേ ജോലിയിൽ തന്നെ തിരിച്ചെടുക്കാന്‍ പൂനെയിലെ ലേബര്‍ കോടതിയാണ് ഉത്തരവിട്ടത്.
പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയില്‍ അഞ്ച് വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു യുവതി. ജോലിയുടെ ഭാഗമായി 2015ല്‍ മെഡിക്കല്‍ രേഖകള്‍ യുവതി കമ്പനിയിൽ ഹാജരാക്കിയിരുന്നു. ഈ രേഖകളിൽ നിന്ന് യുവതി ഒരു എച്ച് എവി രോഗിയാണെന്ന് മനസ്സിലാക്കിയ കമ്പനി അപ്പോള്‍ തന്നെ ജോലി രാജിവെക്കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
ഭർത്താവിൽ നിന്നാണ് തനിക്ക് രോഗം പിടിപ്പെട്ടതെന്ന് കമ്പനി അധികൃതരോട് പറഞ്ഞു. എന്നാൽ അത് വകവെക്കാതെ തന്നെക്കൊണ്ട് നിർബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നു- യുവതി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജോലിയിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് മാസം ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ലീവെടുത്തിരുന്നുവെന്നും പിരിച്ച് വിടാൻ ഇതും ഒരു കാരണമാണെന്നും യുവതി പറയുന്നു.
യുവതി സ്വമേധയാ രാജിവെക്കുകയായിരുന്നുവെന്നാണ് കമ്പനി പറഞ്ഞതെന്നും എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് എല്ലാ വേതനവും നല്‍കി കൊണ്ടു തന്നെ അവരെ തിരിച്ചെടുത്തതായി കമ്പനി അറിയിച്ചെന്നും യുവതിയുടെ അഭിഭാഷകൻ വിശാല്‍ ജാദവ് അറിയിച്ചു. യുവതിയുടെ ഭർത്താവ് ഏതാനും വർഷങ്ങൾക്ക് മുമ്പ് എച്ച് ഐ വി ബാധിച്ച് മരിച്ചിരുന്നു.
