ആദിത്യനാഥിന്‍റെ ഓഫീസിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാ ശ്രമം മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു

ലക്നൗ: ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസിന് മുന്നില്‍ തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബംഗര്‍മാവ് എംഎല്‍എ കുല്‍ദീപ് സിംഗ് ശെന്‍ഗറിനെതിരെയാണ് ഉനയ്ക്ക് സമീപത്തെ മാഖി സ്വദേശിയായ യുവതിയുടെ പരാതി. 

എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന് 2017 നംവബറിലസ്‍ തന്നെ ലാംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും എംഎല്‍എയ്ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനായില്ല. പരാതിയുമായി മുന്നോട്ട് പോകുകയും എംഎല്‍എയയ്ക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്തതോടെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ എംഎല്‍എയുടെ കൂട്ടാളികള്‍ പിതാവിനെയും സഹോദരനെയും മര്‍ദ്ദിച്ച് അവശരാക്കി.

യുവതിയെ ആക്രമിച്ച സംഭവത്തില്‍ എംഎല്‍എയുടെ സഹോദരനും സംഘത്തിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ എംഎല്‍എയെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഞായറാഴ്ച കുടുംബത്തോടൊപ്പമാണ് യുവതി ലക്നൗവിലെത്തിയത്. പൊലീസ് എംഎല്‍എയ്ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും തയ്യാറല്ലെന്ന് യുവതി പറഞ്ഞു. മാത്രമല്ല, എംഎല്‍എയും സഹോദരനും കൂട്ടാളികളും നിരന്തരമായി ഉപദ്രവിക്കുകയാണെന്നും യുവതി വ്യക്തമാക്കി. 

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും യുവതിയുടെ സുരക്ഷ ഉറപ്പാക്കിയതായും എഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു. യുവതി നല്‍കിയ പരാതിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി. എന്നാല്‍ തന്‍റെ പ്രതിഛായ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംഭവത്തോട് എംഎല്‍എ പ്രതികരിച്ചു. പരാതയില്‍ അന്വേഷണം നടത്തി എത്രയും പെട്ടന്ന് സത്യം പുറത്തുകൊണ്ടുവരണമെന്ന് തങ്ങളും ആവശ്യപ്പെട്ടതായി എംഎല്‍എയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.