മുള കോണിയിലൂടെ ജ്യോതിയുടെ കൈപിടിച്ച് അവര്‍ ഇറങ്ങിയത് ജീവിതത്തിലേക്ക്

ദില്ലി: അടുക്കളയില്‍ രാവിലത്തേക്കുള്ള ഭക്ഷണം തയ്യാറാക്കുകയായിരുന്നു 58 കാരിയായ ജ്യോതി വെര്‍മ. അപ്പോഴാണ് അടുത്ത വീട്ടില്‍നിന്ന് സുഹൃത്ത് വന്ന് തൊട്ടപ്പുറത്തെ കെട്ടിടത്തില്‍ തീപടര്‍ന്ന വിവരം ജ്യോതിയോട് പറയുന്നത്. പിന്നെ ഒന്നു നോക്കിയില്ല, ആഹാരം പാകം ചെയ്യുന്നത് നിര്‍ത്തി വച്ച് ജ്യോതി ഓടി. ആ ഓട്ടം രക്ഷിച്ചത് ഒന്നും രണ്ടുമല്ല 20 ജീവനുകളാണ്. 

ദില്ലിയിലെ സുല്‍താന്‍പൂരിലെ ചെരുപ്പ് നിര്‍മ്മാണ കമ്പനിയില്‍ തിങ്കളാഴ്ചയാണ് തീ പടര്‍ന്നത്. സംഭവത്തില്‍ രണ്ട് കുട്ടികളടക്കം നാല് പേര്‍ മരിച്ചിരുന്നു. ഒരു ചെറിയ മുളകൊണ്ടുള്ള കോണി മാത്രമായിരുന്നു ജ്യോതിയുടെ ആയുധം. അതുപയോഗിച്ചാണ് അവര്‍ 20 പേരുടെ ജീവന്‍ രക്ഷിച്ചത്. ജ്യോതി താമസിക്കുന്ന വീടിന് ചേര്‍ന്നാണ് തീ പടര്‍ന്ന് ചെരുപ്പ് ഫാക്ടറി. 

ജ്യോതി ഓടിയെത്തുമ്പോള്‍ 30 ഓളം പേര്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയിരിക്കുകയായിരുന്നു. അവരുടെ അലര്‍ച്ചയാണ് ജ്യോതി കേട്ടത്. ഉടന്‍ തന്നെ ജ്യോതി ടെറസിന് മുകളില്‍നിന്ന് തൂങ്ങി ഇറങ്ങാനായി എറിഞ്ഞ് നല്‍കിയെങ്കിലും പുറത്തു കടക്കാന്‍ അവര്‍ക്കായില്ല. 

ഫാക്ടറിയില്‍നിന്ന് 15 അടി ദൂരമുണ്ടായിരുന്നു ജ്യോതിയുടെ കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക്. അതുകൊണ്ടുതന്നെ ഇവരോട് ചാടാന്‍ ആവശ്യപ്പെടാന്‍ ആകുമായിരുന്നില്ല. തുടര്‍ന്നാണ് മുളകൊണ്ടുള്ള ഒരു ചെറിയ കോണിയുമായെത്തിയ ജ്യോതി അവരെ രക്ഷപ്പെടുത്തി തന്റെ കെട്ടിടത്തിന്റെ മുകളിലെ നിലയിലെത്തിച്ചത്. 

ജ്യോതിയുടെ അയല്‍വാസിയായ ധര്‍മ്മേന്ദ്രയുടെ സഹായത്തോടെയായിരുന്നു പിന്നീട് രക്ഷാപ്രവര്‍ത്തനം. ഇയാള്‍ ടെറസില്‍ കയറി കോണിയുടെ ഒരു ഭാഗം ബാത്ത്‌റൂമിനോട് ചേര്‍ന്ന് ഘടിപ്പിക്കുകയും മറുവശം ഫാക്ടറിയുടെ ജനലിനോട് ചേര്‍ത്ത് വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത അരമണിക്കൂറിനുള്ളില്‍ 20 പേര്‍ ആ മുളയുടെ കോണിയിലൂടെ മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചിറങ്ങി. ജ്യോതി തങ്ങള്‍ക്ക് ഇപ്പോള്‍ ദൈവമാണെന്ന് രക്ഷപ്പെട്ട ഫാക്ടറി തൊഴിലാളിയായ 21 കാരന്‍ മുഹമ്മദ് അലി പറഞ്ഞു.