ഭൂപേന്ദ്ര മിശ്രയെന്ന ആളാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും നഗരത്തിൽ പലയിടങ്ങളിലായി ഏഴോളം കേസുകളാണ് മിശ്രയുടെ പേരിൽ ഉള്ളതെന്നും പൊലീസ് പറയുന്നു.

മുംബൈ: പണം തട്ടിയെടുത്തയാളെ രണ്ടാഴ്ചയോളം കാത്തിരുന്ന് പിടികൂടി യുവതി. മുംബൈയിലെ ബാന്ദ്രയിലാണു സംഭവം. ഭൂപേന്ദ്ര മിശ്രയെന്ന ആളാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും നഗരത്തിൽ പലയിടങ്ങളിലായി ഏഴോളം കേസുകളാണ് മിശ്രയുടെ പേരിൽ ഉള്ളതെന്നും പൊലീസ് പറയുന്നു.

ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലി ഹില്ലിലുള്ള ഓഫീസിലേക്കു പോകുന്നതിനായി ബാന്ദ്രയിലെ റെയിൽവെ സ്റ്റേഷനിൽ എത്തിയതാണ് രഹ്ന ഷെയ്ഖെന്ന യുവതി. സ്റ്റേഷനു സമീപമുള്ള എ ടി എമ്മിൽനിന്ന് പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേസമയം, എ ടി എമ്മിനു പുറത്തു കാത്തുനിൽക്കുകയായിരുന്ന മിശ്ര സഹായം വാഗ്ദാനം ചെയ്ത് ഉള്ളിൽ പ്രവേശിച്ചു. എന്നാൽ പണം ലഭിച്ചില്ല. ഈ സമയത്തിനുള്ളിൽ തന്നെ യുവതിയുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ മിശ്ര കൈക്കലാക്കിയിരുന്നു. രഹ്ന ഓഫീസിൽ എത്തിയപ്പോൾ 
അക്കൗണ്ടിൽനിന്ന് 10,000 രൂപ നഷ്ടപ്പെട്ടതായി സന്ദേശവും വന്നു. 

ഉടൻ തന്നെ അവർ എ ടി എമ്മില്‍ ചെന്നെങ്കിലും മിശ്രയെ കണാൻ സാധിച്ചില്ല. തുടർച്ചയായി 17 ദിവസത്തോളം രഹ്ന എ ടി എമ്മിലേക്കെത്തി. എന്നാൽ ഒരിക്കൽ പോലും മിശ്രയെ കണ്ടെത്തിയില്ല. ശേഷം ഈ മാസം നാലിന് രാത്രി 11.30 ഓടെ അവിടെയെത്തിയ രഹ്ന മിശ്ര അവിടെനിൽക്കുന്നതു കണ്ടു. ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും മിശ്രയെ പിടികൂടുകയുമായിരുന്നു.