ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇ‌ടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പീഡന കേസിൽ അതിജീവിതയെ തിരിച്ചറിയുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട നടപടിയിൽ ഒരാൾക്കെതിരെ കേസെടുത്ത് ഇടുക്കി നെ‌ടുങ്കണ്ടം പൊലീസ്. ഫേസ്ബുക്കിൽ പോസ്റ്റിട്ട അബ്ദുൾ കെ നാസർ എന്നയാൾക്കെതിരെയാണ് കേസ് എ‌ടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി മെറ്റയെ സമീപിക്കുമെന്ന് പൊലീസ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിക്ക് എതിരായ സൈബർ ആക്രമണത്തിൽ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷൻ പരിധിയിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശ്രീകാര്യം ചെറുതലയ്ക്കലക്കൽ സ്വദേശി ലിജുമോനെ പ്രതിയാക്കിയാണ് കേസ്.

സമാനരീതിയിലുളള ന‌ടപടിയിൽ കാസർകോട് സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജയരാജ് ബാരെ എന്ന ഫേസ്ബുക്ക്‌ ഐഡിക്കെതിരെ കാസർകോട് പൊലീസാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. നേമം പൊലീസ് സ്റ്റേഷനിലാണ് അതിജീവിത കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിലെ അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ അറിയിച്ചെന്നും അതുവഴി അതിജീവിതയുടെ അന്തസ്സിനെ ഹനിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.