വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് വാഹനം ഓടിച്ച് കയറ്റിയ 35കാരിയെ അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസസ് ഉദ്ദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വൈറ്റ് ഹൗസ് തന്റെ വീടാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ പ്രതിശുദ്ധ വരനാണെന്നും യുവതി കോടതിയില്‍ വാദിച്ചു.

ജെസീക്ക ഫോര്‍ഡ് എന്ന യുവതിയാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വൈറ്റ് ഹൗസിലെ അതീവ സുരക്ഷാ മേഖലയിലേക്ക് കാറോടിച്ച് കയറ്റിയത്. ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ട് കുതിക്കാനൊരുങ്ങിയ വാഹനത്തെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ തടഞ്ഞു. കൈയ്യില്‍ തോക്കുമായിട്ടായിരുന്നു ജെസീക്ക വാഹനം ഓടിച്ചിരുന്നത്. ഓടിയെത്തിയ ഉദ്ദ്യോഗസ്ഥര്‍ തോക്ക് താഴെവെയ്‌ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. പിന്നീട് മറുവശത്തുകൂടെ വാഹനത്തിനടുത്തെത്തിയ സുരക്ഷാ ഭടന്‍ തോക്ക് പിടിച്ചുവാങ്ങുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ തയ്യാറാകാതിരുന്ന ഇവരെ ഒടുവില്‍ ബലം പ്രയോഗിച്ച് പുറത്തിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. വെടിയുണ്ട നിറയ്‌ക്കാത്ത എയര്‍ഗണ്ണായിരുന്നു ജെസീക്ക കൈയ്യില്‍ കരുതിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി തന്റെ വിലാസമായി എഴുതി നല്‍കിയത് വൈറ്റ് ഹൗസാണ്. ജഡ്ജി ഇതിന് കാരണം അന്വേഷിച്ചപ്പോള്‍ പ്രസിഡന്റ് തന്റെ ഭാവി വരനാണെന്നായിരുന്നു ഇവരുടെ പ്രതികരണം. ഞാന്‍ എന്റെ കുട്ടികളെ കണ്ടിട്ട് ആറ് വര്‍ഷമായി. നിങ്ങള്‍ എന്താണ് ചെയ്യുന്നത്. എനിക്ക് എന്റെ കുഞ്ഞുങ്ങളെ വേണം... ജെസീക്ക പറഞ്ഞു. നേരത്തെയും വൈറ്റ് ഹൗസില്‍ അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിനെ ജെസീക്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നേരത്തെ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നും ഇവരുടെ മാനസികാരോഗ്യം പരിശോധിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇവരുടെ അഭിഭാഷകന്‍ എതിര്‍ത്തു. ജെസീക്കയ്‌ക്ക് മാനസികമായി ഒരു പ്രശ്നവുമില്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും അഭിഭാഷകന്‍ പറഞ്ഞു.

അനുമതിയില്ലാതെ മാനസികാരോഗ്യ പരിശോധന നടത്തേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട കോടതി, അടുത്തയാഴ്ച കേസ് പരിഗണിക്കുന്നത് വരെ ജയിലില്‍ കഴിയണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.