ജ്യോത്സനയുടെ വീടിന് നേരെ കല്ലേറ് ആക്രമണം താമരശ്ശേരിയിലെ വാടകവീടിന് നേരെ സിപിഎമ്മിന്റെ ഭീഷണിയുടെ ഭാഗമെന്ന് സംശയിക്കുന്നതായി കുടുംബം ആരോപണം നിഷേധിച്ച് സിപിഎം
കോഴിക്കോട്: സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ ഗർഭസ്ഥ ശിശുമരിച്ച ജ്യോത്സനയുടെ താമരശേരിയിലെ വാടക വീടിന് നേരെ കല്ലേറ്. സിപിഎം പ്രവര്‍ത്തകരാണെന്ന് കല്ലെറിഞ്ഞതെന്ന് ജോല്‍സനയുടെ ഭര്‍ത്താവ് സിബി ആരോപിച്ചു .എന്നാൽ ആരോപണം സിപിഎം തള്ളി.
രാത്രി ഒരു മണിയോടെയാണ് സംഭവം ഉണ്ടായതെന്ന് സിബി പറയുന്നു. കിടപ്പുമുറിയിൽ ഓടുകൾ പൊട്ടിവീണിട്ടുണ്ട്.ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ രണ്ട് പേർ സ്കൂട്ടറിൽ പോവുന്നത് കണ്ടതായും സിബി പറയുന്നു.
കോടഞ്ചേരിയിൽ വച്ച് ജ്യോത്സനക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നൽകിയ മൊഴി മാറ്റി പറയണമെന്നാവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിപെടുത്തുന്നതായി സിബി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കുടുംബം കോടഞ്ചേരിയിൽ നിന്ന് താമരശ്ശേരിയിലേക്ക് താമസം മാറ്റിയത്.എന്നാൽ ആരോപണങ്ങൾ സിപിഎം പ്രാദേശിക നേതൃത്വം തള്ളി.
ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള തന്ത്രമാണിതെന്നാണ് സിപിഎം നിലപാട്. അതേസമയം, ജ്യോത്സനയെയും കുടുംബത്തെയും സംരക്ഷിക്കുമെന്നും ഇവരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുമെന്നും ബിജെപി പ്രാദേശിക നേതൃത്വം പറഞ്ഞു.ആക്രമണത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

