നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത ശിവക്ഷേത്രമായ ത്രയംബകേശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനാനുമതി നല്‍കി. അഹമ്മദ്‌നഗറിലെ ശനി ഷിഗ്‌നാപുര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ എട്ടിനു സ്ത്രീകള്‍ക്കു പ്രവേശനം നല്‍കിയതിനു പിന്നാലെയാണു ത്രയംബകേശ്വര ക്ഷേത്രത്തിലും സ്ത്രീപ്രവേശനം സാധ്യമാക്കിയിരിക്കുന്നത്.
ത്രയംബകേശ്വര ക്ഷേത്രത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രാര്‍ഥനയ്ക്ക് പ്രവേശിക്കാമെന്ന് നാസിക് കളക്ടര്‍ ഡി.എസ്. കുഷ്‌വാഹ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളോടെ സ്ത്രീകള്‍ക്ക് ഇന്നു രാവിലെ ക്ഷേത്രത്തില്‍ പ്രവേശനം നല്കിയെന്നാണു റിപ്പോര്‍ട്ട്.
ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി സമരം ആരംഭിച്ച ഭൂമാത ബ്രിഗേഡ് പ്രസിഡന്റ് തൃപ്തി ദേശായി നടപടിയെ സ്വാഗതം ചെയ്തു. വെള്ളിയാഴ്ച ത്രയംബകേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.
