ഇതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് ആക്രമണത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്

ബെയ്ജിംഗ്: അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയുമായി കിന്‍ഡര്‍ ഗാർട്ടനിൽ സ്ത്രീ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്കേറ്റു. ദക്ഷിണ പടിഞ്ഞാറന്‍ ചെെനയില്‍ ചോന്‍ക്വിംഗ് നഗരത്തിലെ പ്രവര്‍ത്തിക്കുന്ന കിന്‍ഡര്‍ ഗാർട്ടനിൽ നടന്ന ആക്രമണത്തില്‍ 14 കുട്ടികള്‍ക്കാണ് മുറിവേറ്റത്.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യ നിലയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണം നടത്തിയ ലിയൂ (39)നെ പൊലീസ് അറസ്റ്റ് ചെയ്തതായി ചെെനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ചെെനീസ് സമയം 9.30ഓടെയാണ് യൂഡോംഗ് ന്യൂ സെഞ്ച്വറി കിന്‍ഡര്‍ ഗാര്‍ഡനില്‍ ആക്രമണം നടന്നത്.

രാവിലത്തെ വ്യായാമങ്ങള്‍ക്ക് ശേഷം ക്ലാസിലേക്ക് തിരികെ വന്നിരുന്ന കുട്ടികളെ സ്ത്രീ ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. സര്‍ക്കാരിനെതിരായ പ്രതിഷേധമാണ് ആക്രമണത്തിന് കാരണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.