ബ്രസീല്‍: മരണശേഷം പ്രദേശവാസികളെയും വീട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തി യുവതി. രണ്ട് ഹൃദയാഘാതങ്ങളെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് ബ്രസീല്‍ സ്വദേശിനി അല്‍മെഡ ഡോസ് സാന്റോസിന്റെ മരണം സ്ഥിരീകരിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള സ്ഥിതീകരണം എത്തിയതോടെ വീട്ടുകാര്‍ മതാചാരപ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍ നടത്തി വീട്ടിലേയ്ക്ക് മടങ്ങി.

ഇതിന് ശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. എന്നാല്‍ സെമിത്തേരിക്ക് സമീപം താമസിക്കുന്നവര്‍ തുടര്‍ച്ചയായി കല്ലറയില്‍ നിന്നും അലര്‍ച്ച കേള്‍ക്കുന്നതായി പരാതിപ്പെടാന്‍ തുടങ്ങി. പരിസരവാസികളുടെ പരാതി സഹിക്കാനാവാതെ മരിച്ച് പതിനൊന്നാം ദിവസം വീട്ടുകാര്‍ കല്ലറ പൊളിച്ച് നോക്കിയതോടെയാണ് ഞെട്ടിയത്. നെറ്റിയിലും കയ്യിലും മുറിവുകള്‍ കണ്ടെത്തിയതോടെ യുവതിയെ ജീവനോടെയാണ് കല്ലറയില്‍ അടക്കം ചെയ്തതാണോയെന്ന സംശയത്തിലാണ് വീട്ടുകാര്‍. ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നഖങ്ങള്‍ അവള്‍ രക്ഷപെടാന്‍ ശ്രമിച്ചതിന്റെ ഫലമെന്നാണ് യുവതിയുടെ അമ്മ അവകാശപ്പെടുന്നത്. 

മുപ്പത്തിയേഴുകാരിയായ മകള്‍ രക്ഷപെടാന്‍ നടത്തിയ അവസാന ശ്രമങ്ങളുടെ ഭാഗമാകാം സമീപവാസികള്‍ കേട്ടുവെന്ന് പറയുന്ന അലര്‍ച്ചയെന്നാണ് യുവതിയുടെ അമ്മ പറയുന്നത്. ബ്രസീലിലെ സെഞ്ഞോറ സാന്റാന സെമിത്തേരിയാണ് വിചിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായത്. 

ശവപ്പെട്ടിയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ യുവതിയുടെ മൃതദേഹത്തിന് ചൂടുണ്ടായിരുന്നെന്നാണ് സംഭവങ്ങള്‍ക്ക് സാക്ഷിയായ ചിലര്‍ അവകാശപ്പെടുന്നത്. ശവപ്പെട്ടിയില്‍ മറിഞ്ഞ് കിടക്കുന്ന രീതിയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ അലര്‍ച്ച കേട്ടെന്ന് പറയുന്നത് ആളുകളുടെ തോന്നലാകുമെന്നാണ് ചിലര്‍ പറയുന്നത്. യുവതിയുടെ ദേഹം വീണ്ടും ആശുപത്രിയില്‍ കൊണ്ടു ചെന്നെങ്കിലും മരിച്ചെന്ന് കണ്ടെത്തുകയായിരുന്നു.