കനാലില്‍ ഒഴുകി നടന്ന പൊതികള്‍ തുറന്ന നാട്ടുകാര്‍ കണ്ടത് വെട്ടിയരിഞ്ഞ യുവതിയുടെ ശരീരം ഇരുപത് വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്

ദില്ലി: സ്ത്രീയുടെ മൃതദേഹം വെട്ടിയരിഞ്ഞ നിലയില്‍ കനാലില്‍ കണ്ടെത്തി. ദില്ലിയിലെ മിയാന്‍വാലി നഗറിലാണ് സ്ത്രീയുടെ മൃതദേഹം മൂന്ന് കഷ്ണമാക്കിയ നിലയില്‍ കനാലില്‍ ഒഴുകി നടക്കുന്ന മൃതദേഹം നാട്ടുകാരാണ് കണ്ടത്. 

കനാലില്‍ ഒഴുകി നടക്കുന്ന പൊതികള്‍ ശ്രദ്ധിച്ച നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ നാലുമണിയോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. കൊല്ലപ്പെട്ടത് ആരാണെന്ന സൂചനകള്‍ നിലവില്‍ ലഭിച്ചിട്ടില്ല.

മറ്റെവിടെയോ വച്ച് കൊല ചെയ്ത സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കനാലില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.ഇരുപത് വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. അടുത്തിടെ കാണാതായ ആളുകളുടെ വിവരങ്ങള്‍ പരിശോധിച്ച് കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

ഹരിയാന അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്തെ കനാലില്‍ ആണ് മൃതദേഹം കണ്ടത്. ഇതിനാല്‍ അന്വേഷണം ഹരിയാനയിലേക്കും നീട്ടിയിട്ടുണ്ട്. യുവതി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വിശദമാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.