ചണ്ഡീഗഢ്: ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയതിന് ഹരിയാന സര്‍ക്കാര്‍ സമ്മാനിച്ച പശുക്കളെ തിരിച്ചു നല്‍കി മൂന്ന് ബോക്‌സര്‍മാര്‍. പാല്‍ നല്‍കാത്ത, ഉപദ്രവിക്കുന്ന പശുക്കളെയാണ് സര്‍ക്കാര്‍ സമ്മാനിച്ചതെന്നാരോപിച്ചാണ് ഇവര്‍ പശുക്കളെ തിരിച്ചുനല്‍കിയത്.
‘അഞ്ചുദിവസം എന്‍റെ അമ്മ ഈ പശുക്കളെ നോക്കി. പാലിന്‍റെ കാര്യം വീട്ടേക്കൂ, പശു അമ്മയെ മൂന്നുതവണ കുത്തി. കുത്തുകൊണ്ട് അമ്മയുടെ എല്ലിന് ചതവുപറ്റിയതോടെ സമ്മാനം തിരിച്ചുനല്‍കി.’ റോഷ്തക്കിലെ ബോക്‌സര്‍മാരിലൊരാളായ ജ്യോതി ഗുളിയ പറയുന്നു.
റോഷ്തക്കിലെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ ഹരിയാന കൃഷി മന്ത്രി ഓം പ്രകാശ് ധന്‍ഖറാണ് സ്ത്രീകള്‍ക്ക് പശുവിനെ സമ്മാനിക്കുമെന്ന് പറഞ്ഞത്. നന്നായി പാല്‍ നല്‍കുന്ന ചുണക്കുട്ടികളായ പശുക്കളെ നല്‍കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
അതേസമയം, അന്ന് പശുവിനെ ലഭിച്ച ആറ് ബോക്‌സര്‍ മാരില്‍ നീതു, സാക്ഷി, ജ്യോതി എന്നിവര്‍ ഇതിനകം തന്നെ പശുവിനെ സര്‍ക്കാറിനു തിരിച്ചുനല്‍കി.
