കേരളത്തിലെ ആദ്യ ബാച്ച് വനിത കമാൻഡോകളുടെ പാസിങ് ഔട്ട് പരേഡ് ജൂലായ് മാസം 30ന് നടക്കും
തൃശൂർ : രക്ഷപ്രവര്‍ത്തനത്തിനും വിഐപി സുരക്ഷയ്ക്കും കേരളത്തില്‍ വനിതകള്‍ എത്തുന്നു. കേരളത്തിലെ ആദ്യ ബാച്ച് വനിത കമാൻഡോകളുടെ പാസിങ് ഔട്ട് പരേഡ് ജൂലായ് മാസം 30ന് നടക്കും. 44 കമാൻഡോകളാണു പരിശീലനം പൂർത്തിയാക്കിയിരിക്കുന്നത്.
ദേശീയ സുരക്ഷ ഗാർഡിന്‍റെയും തണ്ടർ ബോൾട്ടിന്‍റെയും പരിശീലനമാണ് ഇവർക്കു നൽകിയിരിക്കുന്നത്.ഓടുന്ന വാഹനത്തിൽനിന്ന് ആയുധവുമായി ചാടിയിറങ്ങി സുരക്ഷയൊരുക്കൽ, കാടിനകത്തു നടത്തുന്ന ഓപ്പറേഷനുകൾ, എകെ 47 അടക്കമുള്ള ആയുധങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയിലെല്ലാം ഇവർക്കു പരിശീലനം നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ വനിത ബറ്റാലിയനിലേക്കു പ്രവേശനം നേടി പൊലീസ് അക്കാദമിയിൽ അടിസ്ഥാന പരിശീലനത്തിനെത്തിയ 578 പേരിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടവരെയാണു പ്രത്യേക പരിശീലനം നൽകി കമാൻഡോകളാക്കിയിരിക്കുന്നത്.
കണ്ണുകെട്ടി എകെ 47, ഗ്ലോക്ക്, ടാർ എന്നീ ആധുനിക ആയുധങ്ങൾ വിവിധ ഘടകങ്ങളാക്കാനും സെക്കൻഡുകൾ കൊണ്ടു പൂർവസ്ഥിതിയിലാക്കാനും ഇവർ പരിശീലനം നേടിയിട്ടുണ്ട്.
