ദില്ലി: ജിഷയുടെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌പക്ഷ അന്വേഷണം നടത്തുമെന്നു പ്രതീക്ഷയില്ലെന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം. കേസിനു രാഷ്ട്രീയ ബന്ധമുണ്ടെന്നു കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തെഴുതിയിട്ടുണ്ടെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജിഷയുടെ കൊലപാതകത്തില്‍ പൂര്‍ണമായ അലംഭാവമാണു കാണിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ രാഷ്ട്രീയബന്ധമുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജിഷയുടെ സഹോദരി തന്നെ ആരോപിച്ചിട്ടും പൊലീസ് ഇക്കാര്യം അവഗണിയ്ക്കുകയാണ്.
അന്വേഷണത്തില്‍ വ്യക്തമായ വസ്തുതകള്‍ ഉള്‍പ്പെടുത്തി അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തര, വനിതാ ശിശുക്ഷേമ മന്ത്രാലയങ്ങള്‍ക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ലളിതാ കുമാരമംഗലം പറഞ്ഞു. കേസില്‍ പൊലീസ് കുറ്റകരമായ അനാസ്ഥ കാട്ടിയെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ആരോപിച്ചു.
