ജയ്പൂര്‍: ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയ്‌ക്കൊപ്പം സെല്‍ഫി പകര്‍ത്തി പോസ്റ്റ് ചെയ്ത രാജസ്ഥാന്‍ വനിതാ കമീഷന്‍ അംഗത്തിന് എതിരെ പ്രതിഷേധം. സോമാ്യ ഗുര്‍ജാര്‍ എന്ന വനിതാ കമീഷന്‍ അംഗമാണ് കമീഷന്‍ ചെയര്‍ പേഴ്‌സണ്‍ സുമന്‍ ശര്‍മ്മ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ സെല്‍ഫി പകര്‍ത്തിയത്. ഇത് പെട്ടെന്ന് തന്നെ ഓണ്‍ലൈനില്‍ വൈറലായി. വനിതാ കമീഷന്‍ അംഗത്തിനെതിരെ നടപടി വേണമെന്ന മുറവിളി ഉയരുകയും ചെയ്തു. 

വടക്കന്‍ ജയ്പൂരിലെ പൊലീസ് സ്‌റ്റേഷനില്‍ വെച്ചാണ് വനിതാ കമീഷന്‍ അംഗം ഫോട്ടോ എടുത്തത്. ബലാല്‍സംഗ ഇരകളുടെ പേരും വിലാസവും ചിത്രങ്ങളും പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് സംഭവം. തന്റെ അറിവോടെയല്ല അംഗം ഈ ചിത്രം പകര്‍ത്തിയതെന്ന് വനിതാ കമീഷന്‍ ചെയര്‍ പേഴ്‌സണ്‍ സുമന്‍ ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ സോമാ്യ ഗുര്‍ജാറിനോട് വിശദീകരണം ചോദിച്ചതായും അവര്‍ അറിയിച്ചു.