മുംബൈ: ആൺകുഞ്ഞ് വേണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്താമതും ഗർഭിണിയായ യുവതിയ്ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മജൽഗാവിലാണ് സംഭവം. മീര ഏകാണ്ഡെ എന്ന 38 വയസ്സുകാരിയാണ് മരിച്ചത്. പൊലീസ് അപകടമരണത്തിനു കേസെടുത്തിട്ടുണ്ട്. ആറ് പെൺകുട്ടികളുടെ അമ്മയായ മീരയോട് വീട്ടുകാർ ആൺകുട്ടി വേണമെന്ന് ആവശ്യപ്പെടുകയും വീണ്ടും ഗര്‍ഭിണിയാകാന്‍ പ്രേരിപ്പിക്കുകയുമായിരുന്നു. 

മീര ഏഴ് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിരുന്നുവെങ്കിലും ഒരാൾ പിന്നീട് മരിച്ചു. തുടർന്ന് വീണ്ടും  രണ്ട് തവണ മീര ഗർഭിണിയായെങ്കിലും മോശം ശാരീരിക അവസ്ഥായ തുടർന്ന് ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഗർഭഛിദ്രം നടത്തേണ്ടി വരികയായിരുന്നു. എന്നാൽ യുവതിയുടെ ആരോഗ്യസ്ഥിതി കടക്കിലെടുക്കാതെ വീണ്ടും ആണ്‍കുട്ടിയ്ക്കായി കുടുംബം നിർബന്ധിക്കുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.‌

പത്താമത് ജനിച്ചത് ആണ്‍കുഞ്ഞായിരുന്നെങ്കിലും കുട്ടി പ്രസവാനന്തരം മരിക്കുകയായിരുന്നു. മോശം ആരോഗ്യാവസ്ഥയും അമിത രക്തസ്രാവം അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി മരിച്ചതെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. നഗരത്തില്‍ പാന്‍ കട നടത്തിയായിരുന്നു മീര ജീവിച്ചിരുന്നത്.