ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാലിനെതിരെ ആരോപണവുമായി ജീവനക്കാരി. സത്യപാല്‍ മനസികമായി പീഡിപ്പിക്കുന്നെന്ന് കാട്ടി മാനേജരായ വനിതാ ജീവനക്കാരി മുഖ്യമന്ത്രിക്ക് പരാതി നല്കി. എന്നാല്‍ അധിക ശമ്പളം എഴുതിയെടുത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് സത്യപാല്‍ പ്രതികരിച്ചു. 

ലളിതകലാ അക്കാദമി മാനേജരായ വനിതാ ജീവനക്കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അക്കാദമി ചെയര്‍മാന്‍ ഒരു വര്‍ഷമായി വേട്ടയാടുന്നു. മാനസിക പീഡനത്തെത്തുടര്‍ന്ന് ഉറക്കം നഷ്‌ടപ്പെട്ടു. പരാതിപ്പെട്ടാല്‍ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെട്ടു. ഓരോ ദിവസവും ഓരോ കുറ്റങ്ങള്‍ കണ്ടെത്തുന്നു. അക്കാദമിയിലെ പെണ്‍ഭരണം അവസാനിപ്പിക്കുമെന്ന് അദ്ദേഹം മറ്റ് ചിലരോട് പറഞ്ഞു. പലപ്പോഴും പരോക്ഷമായി ആക്ഷേപിച്ചു. മാനസിക വേദന അധികമായപ്പോള്‍ സെക്രട്ടറിയോട് അനുവാദം വാങ്ങി പല യോഗങ്ങളില്‍ നിന്ന് ഒഴിവായി.

അക്കാദമി നടത്തിയ 90 ലക്ഷം രൂപ ചെലവുവരുന്ന പരിപാടി മാനേജരായ തന്നെ അറിയിച്ചില്ല. ചെയര്‍മാന്റെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്ക് നിന്നു കൊടുക്കാത്തതാണ് മാനസിക പീഡനത്തിനു കാരണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ വനിതാ ജീവനക്കാരി വിശദീകരിക്കുന്നു. അതേ സമയം അധികശമ്പളം എഴുതിയെടുത്തത് കണ്ടു പിടിച്ചതാണ് മാനേജരുടെ വൈരാഗ്യത്തിന് കാരണമെന്നും മാനസികമായി പീഡിപ്പിച്ച പരാതി അടിസ്ഥാന രഹിതമെന്നും സത്യപാല്‍ വിശദീകരിച്ചു.