ഹരിയാനയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ഖട്ടറുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്
ചണ്ഡീഗഡ്: സ്ത്രീകള്‍ ബലാത്സംഗ കേസുകള്‍ നല്‍കുന്നത് പഴയ കാമുകന്മാരെ തിരികെ കിട്ടാനാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഹരിയാനയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
ഖട്ടറുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്ത് നിന്നും വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു പെണ്‍കുട്ടി വൃത്തിയായി വസ്ത്രം ധരിച്ചാല്‍ ഒരു ആണ്‍കുട്ടിയും അവളെ മോശം തരത്തില്‍ നോക്കില്ലെന്നുള്ള ഖട്ടറുടെ മുന്‍ പ്രസ്താവന നേരത്തെ ഏറെ വിവാദമായിരുന്നു.
ബലാത്സംഗങ്ങള്‍ നേരത്തെയുമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത്തരം കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ഖട്ടര്‍ പറഞ്ഞു. പരസ്പരം അറിയുന്നവര്‍ക്കിടയിലാണ് 80 മുതല്‍ 90 ശതമാനം പീഡനങ്ങളും നടക്കുന്നത്. ഏറെ നാള്‍ ഒരുമിച്ച് ചുറ്റിക്കറങ്ങിയ ശേഷം പ്രശ്നമുണ്ടാകുമ്പോള്‍ അവസാനം ഒരുദിവസം സ്ത്രീകള്‍ ബലാത്സംഗക്കേസുകള്‍ ഫയല്‍ ചെയ്യുകയാണ്.
പഞ്ചകുല ജില്ലയിലെ കല്‍ക്കയില്‍ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഈ പ്രസ്താവനകളിലൂടെ ഖട്ടറിന്‍റെയും സര്‍ക്കാരിന്‍റെയും സ്ത്രീ വിരുദ്ധത വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജോവാല പറഞ്ഞു.
ബലാത്സംഗ കേസുകളുടെയെല്ലാം ഉത്തരവാദികള്‍ സ്ത്രീകളാണെന്നുള്ള ഖട്ടറിന്‍റെ നിരീക്ഷണം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായല്ല സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങള്‍ ഹരിയാന മുഖ്യമന്ത്രി നടത്തുന്നത്. നേര്‍ത്ത വസ്ത്രങ്ങള്‍ ധരിച്ച് പുരുഷന്മാരെ ലെെംഗികപരമായി നോക്കാന്‍ സ്ത്രീകള്‍ പ്രേരിപ്പിക്കുകയാണെന്ന് 2014ല്‍ അദ്ദേഹം പറഞ്ഞിരുന്നു.
