ഒന്നര വയസുകാരന്‍റെ മാല മോഷ്ടിക്കാന്‍ ശ്രമം മധുര സ്വദേശിയായ സ്ത്രീ പിടിയിൽ സംഭവം മഞ്ചേരി മെഡിക്കൽ കോളേജിൽ മെഡിക്കൽ കോളേജിൽ മോഷണം പതിവെന്ന് പരാതി സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒന്നരവയസുകാരന്‍റെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീ പിടിയിലായി. രോഗികളും കൂട്ടിരിപ്പുകാരും ചേര്‍ന്ന് സ്ത്രീയെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.

മധുര സ്വദേശി 36കാരിയായ സരസയാണ് പിടിയിലായത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മഞ്ചേരി മേലായം സ്വദേശി കമലം കൊച്ചുമക്കളായ അര്‍ജുനും അനിരുദ്ധനുമായി ഡോക്ടറെ കാണാനെത്തിയതാണ്. ഇതിനിടെ ഇവരുടെ പിന്നില്‍ നിന്ന സരസ ഒന്നരവയസുകാരന് അനിരുദ്ധിന്‍റെ മാല കവര്‍ന്നു. തൊട്ടുത്ത് നിന്ന മറ്റൊരു സ്ത്രീ ഇത് കണ്ടതാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്.

മഞ്ചേരി എസ്.ഐ. അബ്ദുള്‍ ജലീല്‍ കറുത്തേടത്തിന്‍റെ നേതൃത്വത്തില്‍ പൊലീസെത്തി സരസയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാവിലെ 9 മണിക്ക് ഫാര്‍മസിക്ക് മുന്നില്‍നിന്ന് മൂന്നര വയസുള്ള പെണ്‍കുട്ടിയുടെ പാദസരവും നഷ്ടപ്പെട്ടിരുന്നു. ഇത് മോഷ്ടിച്ചത് ആരാണെന്ന് കണ്ടെത്താനായില്ല. ഫാര്‍മസിക്ക് മുന്നില്‍ സിസിടിവി ക്യാമറയുണ്ടെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.