പെണ്‍കുട്ടികള്‍ക്കിടയിലെ മദ്യപാനം പേടിപ്പെടുത്തുന്നതെന്ന മനോഹര്‍ പരീക്കറുടെ വാക്കുകള്‍ക്ക് പിന്നാലെ പ്രതിഷേധവുമായി സ്ത്രീകള്‍. ട്വിറ്ററില്‍ #GirlsWhoDrinkBeer എന്ന ഹാ ടാഗോടെയാണ് സ്ത്രീകള്‍ മനോഹര്‍ പരീക്കറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബിയര്‍ കുടിയ്ക്കുന്നതും ബിയര്‍ ബോട്ടിലുമായും ബിയര്‍ ഗ്ലാസുമായുമെല്ലാം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.
തൊഴിലില്ലായ്മ ദിനം പ്രതി വര്‍ദ്ധിച്ചുവരികയാണ്. പെണ്‍കുട്ടികള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നു. എന്നാല്‍ ഇതൊന്നുമല്ല, പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതാണ് പരീക്കറെ ഭയപ്പെടുത്തുന്നത്; ട്വിറ്ററില്‍ മിന്നത്ത് അലി എന്ന യുവാവ് കുറിച്ചു.
പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതില്‍ ഭയക്കാതെ അവര്‍ ചാവേര്‍ ബോംബുകളാകുന്നതില്‍ ഭയക്കുക, ഭീകരവാദികളും ജനിച്ചുവീഴുന്ന കുട്ടികള്‍പോലും പീഡിപ്പിക്കപ്പെടുന്നതില്‍ ഭയക്കുക; ഇങ്ങനെ നീളുന്നു ട്വിറ്ററിലെ പ്രതിഷേധകരുടെ വാക്കുകള്‍.
ഗോവയിലെ കോളേജുകളില്‍ ലഹരി പിടിമുറുക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നേരത്തെ ഉണ്ടായിരുന്നതാണ് എന്നാല്‍ പെണ്‍കുട്ടികള്‍ മദ്യം ഉപയോഗിക്കുന്നത് ഭയക്കേണ്ട സാഹചര്യം തന്നെയാണെന്നും കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു. സംസ്ഥാന യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പരീക്കര്‍.
താന്‍ ഐ ഐ ടിയില്‍ പഠിച്ച് കൊണ്ടിരുന്ന സമയത്ത് ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ലഹരി ഉപയോഗത്തിന്റെ അളവ് വളരെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ വളരെ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുണ്ട്. ഗോവയിലെ മയക്കു മരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജോലിചെയ്യാനുള്ള യുവാക്കളുടെ മടിയാണ് ഗോവയിലെ തൊഴിലില്ലായ്മയ്ക്ക് പിന്നില്‍. കുട്ടികളെ കര്‍ശനമായി നിയന്ത്രിക്കുന്നത് മാത്രമേ അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കൂ എന്നും പരീക്കര്‍ പറഞ്ഞിരുന്നു.
