കൊച്ചി: പെണ്‍കുട്ടികളെ പ്രസവിച്ചതിന്റെ പേരില്‍ വീട്ടമ്മയോട് ഭര്‍ത്തൃവീട്ടുകാരുടെ ക്രൂരത. കൊച്ചി കോലഞ്ചേരി പൂത്തൃകയില്‍ അമ്മയെയും രണ്ട് പെണ്‍കു‌ഞ്ഞുങ്ങളെയും ഭര്‍ത്തൃവീട്ടുകാര്‍ വീട്ടില്‍ നിന്ന് പുറത്താക്കി. വീട് പൂട്ടി ഭര്‍ത്തൃവീട്ടുകാര്‍ കടന്നു കളഞ്ഞതോടെ എങ്ങോട്ട് പോകണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് അമ്മയും രണ്ട് പിഞ്ചു മക്കളും.

പെണ്‍മക്കള്‍ ജനിച്ചതിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീ‍ഡിപ്പിക്കുന്നുവെന്ന പരാതിയുമായി കോലഞ്ചേരി സ്വദേശി അഞ്ജുവാണ് രംഗത്തെത്തിയത്. ഉത്തര കൊറിയയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് താന്‍ ഗര്‍ഭിണിയാപ്പോള്‍ പെണ്‍കുട്ടിയാണെന്നറിഞ്ഞതോടെ രണ്ട് തവണ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭം അലസിപ്പിച്ചതായും അഞ്ജു പറയുന്നു. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്.

നിര്‍ധനരായ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ഇനി കയറി ചെല്ലാന്‍ ആവില്ലെന്നും അഞ്ജു പറയുന്നു. പൂട്ടി പോയതിനാല്‍ വീടിന് പുറത്താണ് അഞ്ജുവിന്റെയും മക്കളുടെയും താമസം. കാവലായി നാട്ടുകാരും. പൊലീസ് എത്തിയെങ്കിലും വീട്ടിനുള്ളില്‍ പ്രവേശിപ്പിക്കുന്നതില്‍ നിയമതടസമുണ്ടെന്ന് പറഞ്ഞ് മടങ്ങി. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെയും അമ്മയെയും സുരക്ഷിത ഇടത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.