ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ റൂബി എന്ന യുവതി മരണ പ്ലോട്ട് തയ്യാറാക്കിയത്. ഒടുവില്‍ യുവതി കുടുങ്ങിയത് ഫേസ്ബുക്കിലും
ലക്‌നൗ: കേരളത്തെ ഇന്നും അതിശയിപ്പിക്കുന്ന സുകുമാരക്കുറുപ്പിന്‍റെ സംഭവം പോലെ സ്വന്തം മരണകഥയുണ്ടാക്കി യുവതി. എന്നാല്‍ ഇന്‍ഷൂറന്‍സ് തുക തട്ടുന്നതിന് പകരം ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കാനാണ് ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ റൂബി എന്ന യുവതി മരണ പ്ലോട്ട് തയ്യാറാക്കിയത്. ഒടുവില്‍ യുവതി കുടുങ്ങിയത് ഫേസ്ബുക്കിലും.
മകളെ കാണാതായതോടെ സ്ത്രീധനത്തിനായി മരുമകനും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് യുവതിയുടെ പിതാവാണ് പോലീസില്‍ പരാതി നല്‍കിയത്. രാഹുല്‍ എന്നയാളുമായി 2016 ജനുവരിയിലാണ് റൂബിയുടെ വിവാഹം നടന്നത്. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്‍ന്ന് 2018 ജൂണില്‍ മകളെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയെന്നാരോപിച്ച് റൂബിയുടെ പിതാവ് ഹരിപ്രസാദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തുകയും ഇതോടെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്തു. എന്നാല്‍ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. യുവതിക്കായി അന്വേഷണം തുടരുന്നതിവനിടെയാണ് റൂബിയുടെ ഫെയ്‌സ്ബുക്ക് ആക്ടിവ് ആണെന്ന് പോലീസ് കണ്ടെത്തിയത്.
തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ യുവതി ഡല്‍ഹിയില്‍ രാമു എന്നയാളോടൊപ്പം താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഈ വിവാഹത്തിനു വേണ്ടിയാണ് മരണക്കഥ മെനഞ്ഞതെന്ന് യുവതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.
