ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയത് ഗൃഹപ്രവേശച്ചടങ്ങിനിടെ മരിച്ച അഞ്ച് പേരില്‍ നാല് പേരും കുട്ടികള്‍

റായ്ഗഡ്: നിറത്തെച്ചൊല്ലി അവഹേളിച്ചതിനെ തുടര്‍ന്ന് ഗൃഹപ്രവേശച്ചടങ്ങിനിടെ വീട്ടമ്മ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച 5 പേര്‍ മരിച്ചു. 120 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മരിച്ച അഞ്ച് പേരില്‍ നാല് പേരും കുട്ടികളാണ്. 

മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം നടന്നത്. പ്രഗ്യ സര്‍വേയ്‌സ് എന്ന ഇരുപത്തിയെട്ടുകാരിയാണ് വര്‍ഷങ്ങളായുള്ള അവഹേളനത്തെ തുടര്‍ന്ന് ബന്ധുക്കളോട് പ്രതികാരം ചെയ്യാനായി ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയത്. ചടങ്ങിനിടെ ഭക്ഷണം കഴിച്ചവര്‍ രാത്രിയോടെ കടുത്ത വയറുവേദനയും ഛര്‍ദിയും വന്നതോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. സംശയം തോന്നിയ മഹദ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. 

വിഷം കലര്‍ത്തിയതാകാമെന്ന നിഗമനത്തിലെത്തിയ പൊലീസ് ചടങ്ങ് നടന്ന വീട്ടിലും പ്രദേശത്തും നടത്തിയ തെരച്ചിലില്‍ കീടനാശിനിയുടെ കുപ്പി കിട്ടുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം പ്രഗ്യയിലത്തിയത്. ചോദ്യം ചെയ്യലില്‍ താനാണ് കുറ്റം ചെയ്തതെന്ന് പ്രഗ്യ പൊലീസിനോട് സമ്മതിച്ചു. 

2 വര്‍ഷം മുമ്പാണ് പ്രഗ്യ വിവാഹിതയായത്. വിവാഹജീവിതത്തിലും കുടുംബത്തിനകത്തും നിറത്തെച്ചൊല്ലി താന്‍ നിരന്തരം അവഹേളിക്കപ്പെട്ടിരുന്നുവെന്നും ഭക്ഷണം പാകം ചെയ്യാന്‍ പോലും അറിയില്ലെന്ന് പറഞ്ഞ് കളിയാക്കിയിരുന്നുവെന്നും പ്രഗ്യ പൊലീസിനോട് പറഞ്ഞു. ബന്ധുവിന്റെ ഗൃഹപ്രവേശത്തിനെത്തിയപ്പോള്‍ പ്രതികാരം ചെയ്യാനുള്ള തക്ക സമയമാണെന്ന് ഉറപ്പിച്ച് ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തുകയായിരുന്നു പ്രഗ്യ. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.