മുംബൈ:ഹാജി അലി ദർഗയിൽ ഇനി സ്ത്രീകൾക്കും പുരുഷന് തുല്യമായ ആരാധനാ സ്വാതന്ത്ര്യം. അഞ്ച് വർഷത്തിന് ശേഷം ദർഗയിലെ കബറിടത്തിലേക്ക് സ്ത്രീകൾ പ്രവേശിച്ചു. ഭാരതീയ മുസ്ലീം വനിതാ ആന്തോളനിലെ എൺപതോളം സ്ത്രീകളടങ്ങുന്ന സംഘമാണ് കോടതി ഇടപെടലിന് ശേഷം ഹാജി അലി ദര്‍ഗയിലെത്തിയത്. അടുത്തലക്ഷ്യം കേരളത്തിലെ ശബരിമലയാണെന്ന് റൈറ്റ് ടു പ്രേ മൂവ്മെന്റ് പ്രവര്‍ത്തക തൃപ്തി ദേശായി പറഞ്ഞു.

പുരുഷന്‍മാരെ പോലെതന്നെ സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശിക്കാനും പ്രാര്‍ഥനകള്‍ നടത്താനുമുള്ള അവകാശം സുപ്രീംകോടതി അംഗീകരിച്ചതിനെ തുടര്‍ന്നാണ് സ്ത്രീകള്‍ ദര്‍ഗയില്‍ പ്രവേശിച്ചത്. അതേസമയം, ഇനിമുതൽ സ്ത്രീകളും പുരുഷൻമാരും ഖബറിന്റെ രണ്ടുമീറ്റർ അകലത്തിൽ നിന്ന് ആരാധന നടത്തണം. സ്ത്രീകൾ ദിവ്യൻമാരുടെ ഖബറിടം സന്ദർശിക്കുന്നത് ഇസ്ലാമിൽ കൊടും പാപമാണെന്ന് എന്ന് വാദിച്ചായിരുന്നു ഹാജി അലി ട്രസ്റ്റ് സ്ത്രീകളെ വിലക്കിയത്. ഇതിനെതിരെ വനിതാ സംഘടനകൾ നടത്തിയ നിയമ പോരാട്ടത്തിനെ തുടർന്നാണ് ദർഗ ട്രസ്റ്റ് വഴങ്ങിയത്.

ഹാജി അലി ദര്‍ഗയില്‍ 2012 ജൂണ്‍ വരെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ പൊടുന്നനെയാണ് സ്ത്രീ പ്രവേശനം നിരോധിക്കപ്പെട്ടത്. ഇതിനെതിരെ 2014ല്‍ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ എന്ന സംഘടനയും മറ്റു ചില വ്യക്തികളും ഹരജി നല്‍കുകയായിരുന്നു. കോടതി ഇതിന് അനുമതി നല്‍കിയെങ്കിലും ദര്‍ഗ ട്രസ്റ്റ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ 24ന് സ്ത്രീകള്‍ക്ക് കോടതി പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.