വാഹനമോടിക്കാന്‍ അവകാശത്തിനായി പോരാടി അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സൗദിയില്‍ കസ്റ്റഡിയില്‍

റിയാദ്: സൗദി അറേബ്യയില്‍ അഞ്ചോളം മനുഷ്യാവകാശ പ്രവര്‍ത്തകരെ അധികൃതര്‍ തടവിലാക്കി. സ്ത്രീകളടക്കമുളള അഞ്ച് പേരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സൗദിയിലെ വനിതകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അവകാശത്തിന് വേണ്ടി പോരാടിയവരാണ് ഇവര്‍ എന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വനിതകള്‍ക്ക് ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്ക് ജൂണ്‍ 24ന് നീക്കാന്‍ ഇരിക്കുമ്പോഴാണ് പുതിയ നടപടി. ലൗജയ്ന്‍ അല്‍ ഹാത്ലോല്‍, ഇമാന്‍ അല്‍ നഫ്ജാന്‍, അസിസ അല്‍ യൂസഫ് എന്നീ അഭിാഷകരായ വനിതാ പ്രവര്‍ത്തകരടക്കം അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ പറഞ്ഞു. 

സൗദിയിലെ കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പുരോഗമന പ്രവര്‍ത്തനങ്ങളുടെ പ്രതീകമായി പുതിയ നയത്തെ വിലയിരുത്തുന്നതിനിടെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്. 

ഇന്റര്‍നാഷണലോ , വിദേശ ഡ്രൈവിംഗ് ലൈസെൻസോ ഉള്ള സ്ത്രീകൾക്ക് സൗദിയിൽ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുമെന്ന് സൗദി അറിയിച്ചിരുന്നു. ഇതിനായി രാജ്യത്ത് ഇരുപത്തിയൊന്നു സേവന കേന്ദ്രങ്ങളാണ് തുടങ്ങിയിരിക്കുന്നത്. ജൂണ്‍ 24 മുതല്‍ സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകുകയും ചെയ്ത സാഹചര്യത്തിലാണ് ഇതിനായി പ്രവര്‍ത്തിച്ച അഭിഭാഷകര്‍ അറസ്റ്റിലാകുന്നത്. 

സൗദിയില്‍ വനിതകള്‍ക്കുള്ള ഡ്രൈവിംഗ് പരിശീലന പരിപാടികള്‍ പുരോഗമിക്കുകയാണ്. ജിദ്ദ, റിയാദ്, ദമാം, മദീന, തബൂക്ക് എന്നിവിടങ്ങളിലാണ് നിലവില്‍ വനിതാ ഡ്രൈവിംഗ് സ്കൂളുകള്‍ ഉള്ളത്. ട്രാഫിക് പോലീസിലും ട്രാഫിക് വിഭാഗത്തിന്‍റെ ഓഫീസുകളിലും വനിതകള്‍ ഉണ്ടാകും. കാറുകള്‍ക്ക് പുറമേ സ്ത്രീകള്‍ക്ക് ട്രക്ക്, മോട്ടോര്‍ ബൈക്ക് തുടങ്ങിയവയും ഓടിക്കാന്‍ അനുമതിയുണ്ടാകും.ടാക്സികള്‍ ഓടിക്കാനുള്ള അനുമതിയും സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. 

ചില ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ഇതിനകം വനിതാ ഡ്രൈവര്‍മാരെ നിയോഗിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വിദേശ ഡ്രൈവിംഗ് ലൈസന്‍സോ, ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സോ ഉള്ള വനിതകള്‍ക്ക് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. ഇതിനായി ജിദ്ദ, റിയാദ്, ദമാം, അല്‍ഹസ, ജുബൈല്‍, ബുറയ്ദ, ഉനൈസ, ഹായില്‍, തബൂക്ക്, തായിഫ്, മക്ക, മദീന, അബഹ, അറാര്‍, ജിസാന്‍, നജ്റാന്‍, ഖൊരിയാത്, സഖാഖ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇരുപത്തിയൊന്നു കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.