അരിസോണ: സംസാരിക്കുന്നത് ഇംഗ്ലീഷ് ആണെങ്കില്‍ കൂടിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഇംഗ്ലീഷ് സംസാര ശൈലി വ്യത്യസ്തമാണ്. ഏറെക്കാലത്തെ പ്രയത്നത്തിന് ശേഷം വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത ശൈലിയില്‍ സംസാരിക്കുന്നവരുമുണ്ട്. എന്നാല്‍ ഇതൊന്നും കൂടാതെ തന്നെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ വിവിധ ശൈലികളില്‍ ഇംഗ്ലീഷ് സംസാരിക്കുകയാണ് ഈ യുവതി. തലവേദനയെ തുടര്‍ന്ന് കിടന്നുറങ്ങുന്ന യുവതി എഴുന്നേല്‍ക്കുമ്പോള്‍ സംസാരിക്കുന്നത് വേറെ വേറെ രാജ്യങ്ങളിലെ ഇംഗ്ലീഷ്. 

ഒരിക്കല്‍ പോലും മാതൃരാജ്യത്തിന് വെളിയില്‍ പോകാത്ത യുവതിയാണ് അനായാസം ഇങ്ങനെ വിവിധ ഇംഗ്ലീഷ് ശൈലികള്‍ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സ്ഥിരമായി ഇങ്ങനെ സംസാരിക്കാന്‍ യുവതിയ്ക്ക് കഴിയാറില്ല. ഓരോ ശൈലികള്‍ ചിലപ്പോള്‍ ആഴ്ചകളും ചിലപ്പോള്‍ ദിവസങ്ങളുമാണ് ആയുസുണ്ടാവുക. അമേരിക്കയിലെ അരിസോണ സ്വദേശിനിയായ മിഷേല്‍ മെയര്‍ ആണ് ഈ കഴിവിനുടമ. എന്നാല്‍ മിഷേലിനുള്ളത് കഴിവല്ല അത്യപൂര്‍വ്വമായ ഒരു രോഗാവസ്ഥയാണെന്നുമാണ് വിദഗ്ദര്‍ പറയുന്നത്. 

ഫോറിന്‍ ആക്സന്റ് സിന്‍ഡ്രോമെന്ന അപൂര്‍വ്വ അവസ്ഥയിലാണ് യുവതിയുള്ളതെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. സാധാരണ ഗതിയില്‍ പക്ഷാഘാതത്തെ തുടര്‍ന്നാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. പക്ഷാഘാതം തലച്ചോറില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങളാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ മിഷേലിന് പക്ഷാഘാതമുണ്ടായതായി ഇതുവരെ വെളിവായിട്ടില്ലെന്നതാണ് സാഹചര്യങ്ങളിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ഇതിനോടകം 60കേസുകള്‍ മാത്രമാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

വെവ്വേറെ ശൈലികളില്‍ സംസാരിക്കുന്നത് നല്ലകാര്യമല്ലെന്നാണ് മിഷേലിന് പറയാനുള്ളത്. താന്‍ പരിഹസിക്കുകയാണെന്ന് ആളുകള്‍ കരുതുന്നതെന്നാണ് മിഷേല്‍ പറയുന്നത്. ഒരു തരത്തില്‍ ആളുകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമ്പോഴേയ്ക്കും ആ ശൈലി മറന്നു പോകും ആളുകള്‍ക്കിടയില്‍ ഇത് സ്ഥിരം പരിഹാസത്തിന് കാരണമാകുന്നെന്നാണ് യുവതിയുടെ പരാതി. ചിലര്‍ തനിക്ക് ഭ്രാന്താണെന്ന് വരെ ആരോപിക്കുന്നുണ്ട്. ഇതൊരു രോഗമാണെന്ന് പറഞ്ഞു മനസിലാക്കുക ഏറെ പ്രയാസമാണെന്ന് മിഷേല്‍ വിശദമാക്കുന്നു.