ദില്ലിയില്‍ താമസിക്കുന്ന 19-കാരിയാണ് അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായത്. യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം.

ദില്ലി: സൈബര്‍ ലോകത്ത് നേരിടുന്ന അധിക്ഷേപങ്ങളും ഭീഷണികളും അനുഭവിച്ച് മിണ്ടാതിരിക്കുന്ന സ്ത്രീ ജന്മങ്ങള്‍ മാത്രമാണ് പലപ്പോഴും വാര്‍ത്തകളാകുന്നത്. എന്നാല്‍ അതിനോട് എതിരിട്ട് വിജയിക്കുന്നവരുമുണ്ട്. ദില്ലി സ്വദേശിയായ 19-കാരി സ്വന്തം ഭര്‍ത്താവിന്‍റെ സഹായത്തോടെ തന്‍റെ നഗ്നചിത്രം പകര്‍ത്തി സൈബറിടങ്ങളില്‍ അപമാനിക്കാന്‍ നോക്കിയാള്‍ക്കെതിരെ നടത്തിയത് സാഹസികമായ ഒരു സൈബര്‍ വേട്ടയാണ്

ദില്ലിയില്‍ താമസിക്കുന്ന 19-കാരിയാണ് അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായത്. യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം. ഇവ വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കാന്‍ ആരംഭിച്ചു. ഇതിനുപിന്നാലെ ചില വാട്‌സാപ്പ് ഗ്രൂപ്പുകളിലും യുവതിയുടെ ചിത്രങ്ങള്‍ പ്രചരിച്ചു. യുവതിയുടെ കുടുംബസുഹൃത്തായ ഷാക്കിര്‍ ഹുസൈനായിരുന്നു ഇതിനെല്ലാം പിന്നില്‍ എന്ന് അധികം വൈകാതെ പിടികിട്ടി. 

യുവതിയ്ക്ക് നേരേ ആസിഡ് ആക്രമണം നടത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് ഇയാളുടെ ശല്യം സഹിക്കുന്നതിനപ്പുറം എത്തി. 36-കാരനായ യുവതിയുടെ ഭര്‍ത്താവ് പോലീസിനെ സമീപിച്ചു. എന്നാല്‍ പ്രതിക്കെതിരേ ഒരു നടപടിയുമെടുത്തില്ല. ഇതോടെയാണ് ഷാക്കിര്‍ ഹുസൈനെ കുടുക്കാന്‍ യുവതി തന്നെ മുന്നിട്ടിറങ്ങിയത്. ബെംഗളൂരുവില്‍ തന്നോടൊപ്പം രണ്ടുദിവസം കഴിഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് ചിത്രങ്ങള്‍ നീക്കാമെന്ന് ഷാക്കിര്‍ ഹുസൈന്‍ യുവതിയോട് നേരത്തെ പറഞ്ഞിരുന്നു. 

പ്രതിയെ വലയിലാക്കാനായി താന്‍ വരാമെന്ന് യുവതി സമ്മതിച്ചു. എന്നാല്‍ തനിക്ക് സുഖമില്ലാത്തതിനാല്‍ മധ്യപ്രദേശിലെ ഖന്ധ്വയില്‍ വരാമെന്നും, ഷാക്കിര്‍ ഹുസൈന്‍ അങ്ങോട്ടുവരണമെന്നും യുവതി പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് നേരത്തെ ജോലിചെയ്തിരുന്ന സ്ഥലമാണ് മധ്യപ്രദേശിലെ ഖന്ധ്വ. ഷാക്കിര്‍ ഹുസൈന്‍ അവിടെയെത്തിയാല്‍ പോലീസില്‍ ഏല്‍പ്പിക്കാമെന്നായിരുന്നു ഇവരുടെ കണക്കുക്കൂട്ടല്‍. 

തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ദില്ലിയില്‍ നിന്ന് 900 കിലോമീറ്റര്‍ താണ്ടി മധ്യപ്രദേശിലെ ഖന്ധ്വയിലെത്തി. ഷാക്കിര്‍ ഹുസൈനെ അതിവിദഗ്ദമായി അവിടുത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതിയെ ഡല്‍ഹി പോലീസിന് കൈമാറി. അതേസമയം, യുവതിയുടെ പരാതിയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം ശരിയല്ലെന്ന് ദില്ലി പോലീസ് അറിയിച്ചു. യുവതിയും ഭര്‍ത്താവും പരാതി എഴുതി നല്‍കി മടങ്ങിയതിന് ശേഷം കൂടുതല്‍ വിവരങ്ങളൊന്നും കൈമാറിയില്ലെന്നും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ട് വന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

യുവതിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ചിലത് നേരത്തെ നീക്കം ചെയ്തിരുന്നതായും എന്നാല്‍ ഷാക്കിര്‍ ഹുസൈന്‍ ഒട്ടേറെ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.